പരാജയപ്പെട്ടത് ത്രിപുരയാണ്: തിരികെ വരും കൊടുങ്കാറ്റു പോലെയെന്ന് എം.സ്വരാജ്


3 min read
Read later
Print
Share

തൃപ്പൂണിത്തുറ: പരാജയപ്പെട്ടെങ്കിലും ത്രിപുരയില്‍ ശക്തമായി തിരിച്ചുവരുമെന്ന് സിപിഎം എം.എല്‍.എ എം സ്വരാജ്. ഒരു പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരുമല്ല വിപ്ലവകാരികള്‍. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കില്‍ ധീരമായി തിരുത്തും . അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത് ..ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത് ..
ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓര്‍ക്കുകയെന്നും സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്. പുതിയ സാഹചര്യത്തില്‍ പുതിയ പേരില്‍ തന്നെയാവും തുടര്‍ന്നും ത്രിപുരയിലെ കോണ്‍ഗ്രസ് അറിയപ്പെടുക . അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകര്‍ന്നു പോയില്ലെന്ന് സാരം. യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്‌പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. സത്യം ജയിക്കണമെന്നില്ല.

അതെ വീണ്ടും ത്രിപുര ശിരസുയര്‍ത്തും .
തിരികെ വരും കൊടുങ്കാറ്റു പോലെ ..
ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാലയായി പ്രകാശം പരത്തും.

അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത് ..
ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത് ..
ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓര്‍ക്കുക.
എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

പരാജയപ്പെട്ടത് ത്രിപുരയാണ്..
എം.സ്വരാജ്

ബി ജെ പി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്. പുതിയ സാഹചര്യത്തില്‍ പുതിയ പേരില്‍ തന്നെയാവും തുടര്‍ന്നും ത്രിപുരയിലെ കോണ്‍ഗ്രസ് അറിയപ്പെടുക . അവിടെ സി പി ഐ (എം) പരാജയപ്പെട്ടു. കേവലം 3% വോട്ട് മാത്രമാണ് കുറഞ്ഞത് . തോറ്റപ്പോഴും തകര്‍ന്നു പോയില്ലെന്ന് സാരം.

എങ്കിലും തിരഞ്ഞെടുപ്പിലെ മാനകങ്ങളനുസരിച്ച് ത്രിപുരയില്‍ സി പി ഐ (എം) പരാജയപ്പെട്ടു . പരാജയം സമ്മതിക്കുന്നു. എന്തുകൊണ്ട് സി പി ഐ (എം) പരാജയപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ് . അവിടെ സി പി ഐ (എം) തോല്‍ക്കാന്‍ പാടില്ലായിരുന്നുവെന്ന അഭിപ്രായവും പ്രസക്തമാണ് ....

യുദ്ധത്തിലും ജനാധിപത്യത്തിലും എല്ലായ്‌പോഴും ശരി വിജയിച്ചു കൊള്ളണമെന്നില്ല. സത്യം ജയിക്കണമെന്നില്ല.

1924 ല്‍ ഇറ്റാലിയന്‍ ജനറല്‍ ഇലക്ഷനില്‍ 64% വോട്ടു നേടിയാണ് മുസോളിനി ജയിച്ചത്. ഇത് ശരിയുടെ വിജയമായിരുന്നുവോ ?

1933ല്‍ ജര്‍മന്‍ ഫെഡറല്‍ ഇലക്ഷനില്‍ 44% വോട്ടു നേടിയാണ് ഹിറ്റ്‌ലര്‍ ജയിച്ചത്.
ഇത് ശരിയുടെ വിജയമായിരുന്നുവോ ?

അതെ,
ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് ,
ശരി ചിലപ്പോഴെങ്കിലും തോല്‍ക്കുമെന്ന് ..
തെറ്റായ നിലപാടും രാഷട്രീയവും വിജയിക്കുമെന്ന് ..
പക്ഷെ ആത്യന്തികമായ വിജയം ശരിക്കു തന്നെയാണ്. സത്യത്തിനാണ് . അതും ചരിത്രം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലെ തെറ്റുകളും തിരുത്തപ്പെട്ടിട്ടുണ്ട്.

ഇറ്റലിയില്‍ , മിലാനിലെ തെരുവുകളോട് ചോദിയ്ക്കുക ..
ജര്‍മനിയിലെ പ്രേതാലയങ്ങളായ തടങ്കല്‍ പാളയങ്ങളോട് ചോദിക്കുക ..
പറഞ്ഞു തരും
ജനാധിപത്യത്തിന്റെ വിധിയെഴുത്തില്‍ ഒരു ജനതയ്ക്കു പറ്റിയ കൈത്തെറ്റ് കാലം തിരുത്തിയതെങ്ങനെയെന്ന്.
എല്ലാ തെറ്റുകളും തിരുത്താനുള്ളതാണ്.
ത്രിപുരയില്‍ തങ്ങള്‍ക്ക് പിണഞ്ഞ പിശകും ജനം ഭാവിയില്‍ തിരുത്തുക തന്നെ ചെയ്യും.

ത്രിപുരയിലെ സി പി ഐ (എം) പരാജയം ആഘോഷിക്കുന്നവരോര്‍ക്കണം ത്രിപുര പിടിയ്ക്കാനായി ആര്‍ എസ് എസ് നട്ടുവളര്‍ത്തുന്നത് വിഘടനവാദത്തെയാണ്. അധികാരം നേടാന്‍ വിഘടനവാദികളുമായി സഖ്യമുണ്ടാക്കുമ്പോള്‍ ഒറ്റുകൊടുക്കുന്നത് രാജ്യത്തെ തന്നെയാണ്. അശാന്തമായ ദിനരാത്രങ്ങളും നിലയ്ക്കാതെ മുഴങ്ങുന്ന വെടിയൊച്ചകളും നാളെ ത്രിപുരയുടെ സ്വാസ്ഥ്യം കെടുത്തുന്നതായി മാറിയാല്‍ നിങ്ങള്‍ സന്തോഷിക്കുമോ ?

പഞ്ചാബില്‍ കാശ്മീരില്‍ ആസാമില്‍ ..
എവിടെയൊക്കെയാണ് ഇനിയുമിന്ത്യ കണ്ണീരിലും ചോരയിലും മുങ്ങി മരിക്കേണ്ടത് ? ആയുധങ്ങള്‍ മാത്രം സംസാരിക്കുന്ന താഴ്വരകളുടെ ചോരമണക്കുന്ന കഥകള്‍ ഹരം പിടിപ്പിക്കുന്നതാരെയാണ്.?
രാജ്യം തകര്‍ന്നാലും കമ്യൂണിസ്റ്റുകാരുടെ പരാജയം ആഘോഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ ഇന്ത്യയുടെ ,മനുഷ്യരുടെ മിത്രങ്ങളല്ല .

ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍ പതറി വീണ് മണ്ണടിഞ്ഞ് പോകുന്നവരല്ല കമ്യൂണിസ്റ്റുകാര്‍ . അങ്ങനെയായിരുന്നുവെങ്കില്‍ ത്രിപുരയില്‍ ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാകുമായിരുന്നില്ല . കാല്‍ നൂറ്റാണ്ടിന് മുമ്പ് ഇതേ ത്രിപുരയില്‍ തോറ്റ പാര്‍ട്ടിയാണിത്. തുടര്‍ന്ന് നടമാടിയ ഭീകരവാഴ്ചയെ പ്രാണന്‍ കൊടുത്തു നേരിട്ട വിപ്ലവകാരികളുടെ മണ്ണാണ് ത്രിപുര .

ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അതിലഹങ്കരിച്ച് ഉത്തരവാദിത്വങ്ങള്‍ വിസ്മരിക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍ .
ഒരു പരാജയമുണ്ടായാല്‍ നിരാശ പൂണ്ട് കൊടി മടക്കി വീട്ടിലിരിക്കുന്നവരുമല്ല വിപ്ലവകാരികള്‍. ത്രിപുരയിലെ പരാജയം സൂക്ഷ്മമായിത്തന്നെ വിലയിരുത്തും. പിശകു പറ്റിയിട്ടുണ്ടെങ്കില്‍ ധീരമായി തിരുത്തും . ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയോ വ്യാമോഹമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ശരിയായ നിലപാടിലേക്ക് വിനയത്തോടെ നയിക്കും. വാശിയോടെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. വിഘടനവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതും . മതനിരപേക്ഷ നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തും.
തിരിച്ചടികള്‍ അതിജീവിക്കാനുള്ളതാണ്.

അതെ വീണ്ടും ത്രിപുര ശിരസുയര്‍ത്തും .
തിരികെ വരും കൊടുങ്കാറ്റു പോലെ ..
ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാലയായി പ്രകാശം പരത്തും.

അമാവസി കണ്ട് ഇനി ചന്ദ്രനുദിക്കില്ലെന്ന് കരുതരുത് ..
ശിശിരത്തിലെ മരം കണ്ട് ഇലകളുടെ കാലം കഴിഞ്ഞെന്ന് പരിതപിക്കുകയുമരുത് ..
ഉദിക്കുവാനായല്ലാതെ ഇന്നോളം സൂര്യനസ്തമിച്ചിട്ടില്ലെന്ന് ഓര്‍ക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന് ജാമ്യമില്ല

Sep 20, 2016


mathrubhumi

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊബൈല്‍ റിപ്പയറിംഗ്; വീഡിയോ പുറത്ത്

Feb 22, 2018


mathrubhumi

1 min

മാതൃഭൂമി മൂകാംബിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

Oct 13, 2015