കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസന്വേഷണത്തില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദ്യത്തെ കുട്ടിയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടക്കാത്തത് രണ്ടാമത്തെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ചു. കൃത്യമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല. അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കി.
ആദ്യ കുട്ടി മരിച്ചപ്പോള്‍ കൃത്യമായി അന്വേഷണം നടന്നില്ല. ഈ സന്ദര്‍ഭത്തില്‍ രണ്ടാമത്തെ കുട്ടിയുടെ കൗണ്‍സിലിങ് അടക്കം നടത്തണമായിരുന്നു. ഇതുണ്ടായില്ല. ലൈംഗിക അതിക്രമം സംശയിച്ച് പോലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതില്‍ സംശയമുണ്ടായിരുന്നെങ്കിലും അതിലും അന്വേഷണം നടത്തിയില്ലെന്നും സര്‍ക്കാര്‍ അപ്പീലിലൂടെ തുറന്ന് സമ്മതിച്ചു.
കൂടാതെ പ്രോസിക്യൂഷന്റെ ഭാഗത്തും വലിയ വീഴ്ചയുണ്ടായി. കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടായില്ല. പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രോസിക്യൂഷനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
Content Highlights: Walayar case: government appealed to the High Court
Share this Article
Related Topics