പാലക്കാട്: വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്‍ സംശയത്തിന്റെ നിഴലിലാവുന്നു. പ്രോസിക്യൂഷന്റെ വീഴ്ചമൂലമാണ് ആവശ്യമായ തെളിവുകളില്ലാതെ പ്രതികള്‍ കുറ്റവിമുക്തരായതെന്ന ആരോപണം സര്‍ക്കാര്‍പോലും തള്ളിക്കളഞ്ഞിട്ടില്ല. വേണ്ടത്ര പ്രവര്‍ത്തനപരിചയമുള്ളവരെമാത്രമേ പോക്‌സോ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍മാരാക്കാവൂ എന്ന ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രംഗത്തിറങ്ങിയതും ഇതാദ്യം.
പ്രോസിക്യൂഷന്റെ ഭാഗത്താണോ അതോ, അന്വേഷണത്തിലാണോ വീഴ്ചയുണ്ടായതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കഴിഞ്ഞദിവസം സി.പി.എം. ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ പ്രോസിക്യൂഷന്‍ മൗനി ബാബയായതിനാലാണ് പ്രതികള്‍ വേണ്ടത്ര തെളിവില്ലാതെ രക്ഷപ്പെടാനിടയായതെന്ന് ബി.ജെ.പി. സംസ്ഥാനസെക്രട്ടറി കെ. സുരേന്ദ്രനും കുറ്റപ്പെടുത്തിയിട്ടുണ്ട്.
മൂന്നാംപ്രതിയെ ആവശ്യമായ തെളിവുകളില്ലാതെ കോടതി വെറുതേവിട്ടതാണ് ഇതിലെ ആദ്യസംഭവം. ഈ കേസില്‍ പോലീസ് സാക്ഷിയായി ഉള്‍പ്പെടുത്തിയിരുന്ന അയല്‍വാസി അബ്ബാസിനെ സാക്ഷിവിസ്താരം നടത്തിയതേയില്ലെന്നാണ് അബ്ബാസ് തിങ്കളാഴ്ച വെളിപ്പെടുത്തിയത്.
പ്രോസിക്യൂഷനില്‍നിന്ന് കേസുമായി ബന്ധപ്പെട്ട് വേണ്ടത്രസഹായം ലഭിച്ചില്ലെന്ന് മറ്റ് സാക്ഷികളും സൂചിപ്പിക്കുന്നുണ്ട്. കേസില്‍ പ്രതികളുടെ വിചാരണയ്ക്ക് തൊട്ടുമുമ്പ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ എതിര്‍ക്കാന്‍പോലും പ്രോസിക്യൂഷന്‍ തയ്യാറായില്ലെന്നും കുട്ടികളുടെ ബന്ധുക്കള്‍ അരോപിക്കുന്നുണ്ട്.
വിചാരണയ്ക്ക് തൊട്ടുമുമ്പ് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ആരോപണം.
പ്രതി കുറ്റം ചെയ്‌തെന്ന് തെളിയിക്കേണ്ടബാധ്യത പ്രോസിക്യൂഷനുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതികളെ വിട്ടയക്കുമെന്നും പിന്നെ പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ടുകാര്യമില്ലെന്നും വിശദീകരിച്ച് സര്‍ക്കാര്‍പ്ലീഡര്‍ വിനോദ് കായനാട്ട് കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു. സര്‍ക്കാര്‍ഭാഗം നന്നായി വാദിച്ചുജയിച്ച കേസുകളുടെ പട്ടികകൂടി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
content highlights: walayar case