തിരുവനന്തപുരം: സംസ്ഥാനത്ത് പനി പ്രതിരോധം ചര്‍ച്ച ചെയ്യാനും ശുചികരണ പ്രവര്‍ത്തനത്തിനുമായി ഈ മാസം 23 ന് സര്‍വ്വ കക്ഷിയോഗം വിളിച്ചു. നാടൊന്നാകെ ശുചീകരണ പ്രവര്‍ത്തനത്തിനായി ഇറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ പനി പ്രതിരോധത്തിനുള്ള ബോധവത്കണത്തിനുള്ള പരിപാടികള്‍ നല്‍കണം ഇക്കാര്യം മാധ്യമസ്ഥാപന മേധാവികളോട് അഭ്യാര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹൈ റിസ്‌ക്, മോഡറേറ്റ് റിസ്‌ക്, ലോ റിസ്‌ക് എന്നീ മേഖലകളായി പനിബാധിത പ്രദേശങ്ങളെ തരം തരിക്കും. ഹൈറിസ്‌ക് മേഖലയില്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തും. ഈ മാസം 27,28,29 തീയതികളില്‍ എല്ലാ വാര്‍ഡുകളിലും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ നടക്കും. ഇതിനായി രാഷ്ട്രീയ പാര്‍ട്ടികളും ക്ലബ്ബുകളും സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഓരോ ജില്ലയിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ നിയമിച്ചു. തിരുവനന്തപുരം (കടകംപള്ളി സുരേന്ദ്രന്‍), കൊല്ലം (മേഴ്‌സിക്കുട്ടിയമ്മ), പത്തനംതിട്ട (മാത്യു ടി. തോമസ്) , ആലപ്പുഴ (ജി.സുധാകരന്‍), കോട്ടയം (കെ.രാജു), ഇടുക്കി (എം.എം.മണി), എറണാകുളം (തോമസ് ഐസക്), തൃശ്ശൂര്‍ (എ.സി.മൊയ്തീന്‍), പാലക്കാട് (എ.കെ.ബാലന്‍), മലപ്പുറം (കെ.ടി.ജലീല്‍), കോഴിക്കോട് (കെ.കെ.ശൈലജ) വയനാട് (വി.എസ്.സുനില്‍കമാര്‍) കണ്ണൂര്‍ (കടന്നപ്പള്ളി രാമചന്ദ്രന്‍) കാസര്‍കോട് (ഇ.ചന്ദ്രശേഖരന്‍) എന്നിവരാണ് ചുതല വഹിക്കുക.
മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും 23ന് യോഗം നടക്കും. ഇതോടൊപ്പം മണ്ഡലാടിസ്ഥാത്തില്‍ എംഎല്‍എമാര്‍ പങ്കെടുക്കുന്ന യോഗവും നടക്കും. ജനങ്ങള്‍ ഇടപെടുന്ന എല്ലായിടത്തും കൃത്യമായ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് അവിടെ പ്രവര്‍ത്തിക്കുന്നവര്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആശുപത്രികളില്‍ കിടത്തി ചികിത്സ വര്‍ധിപ്പിക്കും. ആശുപത്രികളിലെ അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങള്‍ തുറന്ന് ശുചീകരിച്ച് ചികിത്സക്കായി ഉപയോഗിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഒരു ഡോക്ടര്‍, ഒരു പാരമെഡിക്കല്‍ സ്റ്റാഫ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരെ തദ്ദേശ സ്ഥാപനങ്ങള്‍ നിയമിക്കണം. ശുചീകരണ പ്രവര്‍ത്തനത്തിന് വേണ്ട പണം തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഉപയോഗിക്കണം. അതിലേക്ക് പിന്നീട് റീഫണ്ട് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.