തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പോലീസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരുന്നത്. അതിനാല്‍ അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായത്.
പാലക്കാട് പൂന്തോട്ടം ആശുപത്രിയുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ചും തൃശ്ശൂരിലായിരുന്ന ബാലഭാസ്‌ക്കര്‍ തിരുവനന്തപുരത്തേക്ക് പെട്ടന്ന് വന്നത് എന്തിനെന്ന് അന്വേഷിക്കണമെന്നുമാണ് ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ കുടുംബം പരാതി നല്‍കിയെങ്കിലും പോലീസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ മംഗലപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: violinist balabhaskar's car accident and death; family seeking detailed investigation