15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ടു; വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍


ഒരു ക്വാറിക്ക് അഞ്ച് ലക്ഷം രൂപ വീതം മൂന്ന് ക്വാറികള്‍ക്ക് 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 50000രൂപ കൈപറ്റുന്നതിനിടെയാണ് അറസ്റ്റിലായത്

കോഴിക്കോട്: താമരശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വില്ലേജ് ഓഫീസര്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍.രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ ഓഫീസര്‍ ബഷീര്‍, അസിസ്റ്റന്റ് രാകേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പിടിയാലയത്.

ജോളിതോമസ് എസ്‌റ്റേറ്റില്‍ ക്വാറികള്‍ നടത്തുന്ന രാജേഷ് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. ഒരു ക്വാറിക്ക് അഞ്ച് ലക്ഷം രൂപ വീതം മൂന്ന ക്വാറികള്‍ക്ക് 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 50,000 രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിക്കുകയും രാജേഷിന്റെ സഹായിയായ ശിവകുമാര്‍ വില്ലേജോഫീസിലെത്തി പണം കൈമാറുകയുമായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസിലെത്തി പരിശോധിച്ചപ്പോള്‍ അലമാരയിലൊളിപ്പിച്ച പണം കണ്ടെടുത്തു.

2000 രൂപയുടെ 25 നോട്ടുകളാണ് കണ്ടെത്തിയത്.അഞ്ച് ലക്ഷത്തിന് പുറമെ പ്രതിമാസം നിശ്ചിത തുക വില്ലേജ് ഓഫീസില്‍ വന്ന് നല്‍കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നും രാജേഷ് പറയുന്നു.

നടപടി ക്രമം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram