കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് വിജിലന്‍സ്. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയെന്നും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്നും ടി ഒ സൂരജ് വെളിപ്പെടുത്തിയെന്നും വിജിലന്‍സ് പറയുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു.
അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
2012-14 കാലഘട്ടത്തില്‍ ടി ഒ സൂരജ് പല ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി.
3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടിരൂപ മാത്രമാണ്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തില്‍ ടി ഒ സൂരജ് സമ്മതിച്ചു എന്ന വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു
2014 ഓഗസ്റ്റിലാണ് ആര്‍ഡിഎസ് കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി അനുവദിക്കുന്നത്. ഇത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങുന്നത്.
content highlights: Vigilance files affidavit in Highcourt in palarivattom bridge T O Sooraj corruption case