ചേര്‍ത്തല: സ്വാമി ശാശ്വതീകാനന്ദയുടെ ജലസമാധി സംബന്ധിച്ച് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പുതിയതല്ലെന്നും ഹൈക്കോടതി വരെ ഇത് സംബന്ധിച്ച് കേസുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയനെ ഉപയോഗിച്ച് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്നായിരുന്നു ഒരു വാര്‍ത്താ ചാനല്‍ വഴി ബിജു രമേശ് ആരോപണമുന്നയിച്ചത്. ബിജു പറയുന്ന പ്രിയനെ ഞാന്‍ കണ്ടിട്ടുപോലുമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
13 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വിചാരണ നടത്തി സ്വാമി ജലസമാധിയണഞ്ഞതാണെന്ന് കണ്ടെത്തിയതാണ്. എസ്.എന്‍.ഡി.പിയുടെ വളര്‍ച്ചക്ക് തടയിടാന്‍ ചില രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയാണ് ഈ ആരോപണം ബിജു രമേശ് ഉന്നയിച്ചത്. വ്യക്തിഹത്യ നടത്തുക എന്നത് ബിജു രമേശിന്റെ സ്വഭാവമാണ്. മാണിസാറിനെയും ബാബുവിനേയുമൊക്കെ വ്യക്തിഹത്യ ചെയ്തതാണ്. അവര്‍ തകര്‍ന്നില്ലെന്നു മാത്രമല്ല തകര്‍ന്നത് ബിജു രമേശാണ്- വെള്ളാപ്പള്ളി പറഞ്ഞു.
സമാധിയുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനും താന്‍ എതിരല്ല. തനിക്കെതിരെ ഒരുപാട് ആരോപണമുണ്ടല്ലോ, അതെല്ലാം ഒരുമിച്ച് സി.ബി.ഐയേക്കൊണ്ട് അന്വേഷിപ്പിക്കണം. ഒപ്പം ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്കൂടി അന്വേഷിക്കണം. പാവം ടി.പിയെ 51 വെട്ടുവെട്ടിയാണ് കൊലപ്പെടുത്തിയത് -വെള്ളാപ്പള്ളി പറഞ്ഞു.
തനിക്കെതിരെയുള്ള കോഴ വിവാദം ആറ്റിങ്ങല്‍ കോടതി തള്ളിയതാണ്. അതൊന്നും പറയാതെയാണ് തന്നെ വ്യക്തിഹത്യ നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.