മുംബൈ: സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് ഉടന്‍ എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകൾക്ക് ഒപ്പമായിരിക്കും താന്‍ എത്തുക. തിയ്യതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
സുപ്രീം കോടതി വിധിയില്‍ സന്തോഷം. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണ്.
കേരളത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.
മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്‌നാപുര്‍ ക്ഷേത്രം, ഹാജി അലി ദര്‍ഗ്ഗ, പൂനെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രിപ്രവേശനം സാധ്യമാക്കിയ ശേഷമാണ് ഇവര്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.
Share this Article
Related Topics