ന്യൂഡല്‍ഹി: വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി ആറ് വനിതകള്‍ക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തും. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി.
ഈ മാസം 16 നാണ് കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും. തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. കേരള മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്കും അവർ കത്തയച്ചിട്ടുണ്ട്.
ഈ മാസം 16-നും 20 നും ഇടയില്‍ താന്‍ ശബരിമലയിലെത്തുമെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുവതി പ്രവേശനം അനുവദിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. മണ്ഡലകാലം തുടങ്ങാനിരിക്കെ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിയെ കൂടി സമീപിച്ച സാഹചര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകുമോ എന്നതും പ്രധാനമാണ്.
മല ചവിട്ടാതെ തിരിച്ച് പോകില്ലെന്ന തൃപ്തി ദേശായിയുടെ നിലപാടും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. സുപ്രീംകോടതി വിധിക്ക് ശേഷം നേരത്തെ നിരവധി യുവതികള്‍ മലചവിട്ടാന്‍ എത്തിയിരുന്നെങ്കിലും കനത്തെ പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവരും പിന്‍മാറിയിരുന്നു.
Content Highlights: Trupti Desai will reach Sabarimala on Saturday