കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ സാമൂഹികപ്രവര്‍ത്തക തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ഇവരെ രാത്രി 12.30-നുള്ള വിമാനത്തില്‍ കയറ്റി വിടാനാണ് പോലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. എന്നാല്‍, ഇതിന് സര്‍ക്കാരിന്റെ അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
വൈകിട്ട് നാലുമണിയോടെ മുംബൈയിലേക്ക് മടങ്ങാനുള്ള ആലോചനകള്‍ തൃപ്തിയും സംഘവും നടത്തിയിരുന്നു. മടങ്ങാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാടില്‍നിന്ന് അവര്‍ പിന്നാക്കം പോവുകയായിരുന്നു. ഒപ്പമുള്ള ആളുകളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ തീരുമാനം പറയാനാകൂവെന്ന് അവര്‍ പോലീസിനെ അറിയിച്ചു.
അതേസമയം തൃപ്തിയും സംഘവും ഉള്ള കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തി. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവുമെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.
content highlights: trupti desai not ready to buy return ticket to mumbai claims reports