കൊച്ചി: ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യം ലഭ്യമായിട്ടില്ല. വിമാനത്താവളത്തിലെ ടാക്‌സികളൊന്നും ഓട്ടം പോകാന്‍ തയ്യാറായില്ല. പ്രതിഷേധത്തെ ഭയന്നാണ് ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രയ്ക്ക് തയ്യാറാകാത്തത്.
പുലര്‍ച്ചെ 4.45 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും പൂണെയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. എന്ത് വന്നാലും ശബരിലയില്‍ കയറിയിട്ടെ മടങ്ങുകയുള്ളുവെന്ന നിലപാടിലാണ് തൃപ്തി ദേശായി. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
content highlights: trupti desai in nedumbassery airport,bjp,rss,kerala police,pune