നെടുമ്പാശ്ശേരി: ശബരിമലയിലേക്ക് പോകുന്നതിന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തി ദേശായി കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുപോയി. വെള്ളിയാഴ്ച രാത്രിയോടെയാണ് അവര്‍ മടങ്ങിപ്പോയത്. 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തൃപ്തി ദേശായിയുടെ വിമാനം പറന്നുയര്‍ന്ന ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതിഷേധക്കാരുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്കെത്തിയതോടെ പോലീസ് തൃപ്തി ദേശായിയുമായി നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലാണ് അവര്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ഇപ്പോള്‍ പോയാലും മണ്ഡലകാലം അവസാനിക്കുന്നതിനു മുന്‍പ് വീണ്ടും എത്തുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു.
സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിലെ അറൈവല്‍ കെട്ടിടത്തില്‍നിന്ന് തൃപ്തി ദേശായിയെ പുറത്തിറക്കാതെയാണ് തിരിച്ചയച്ചത്.
നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരുന്നത്.
തനിക്ക് വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കണമെന്ന് തൃപ്തി ദേശായി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ കഴിയുന്ന സുരക്ഷ നല്‍കാമെന്ന് പോലീസ് അവരെ അറിയിക്കുകയായിരുന്നു.
ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlights: trupti desai, sabarimala entry, Sabarimala women entry