നെടുമ്പാശ്ശേരി: ശബരിമലയില്‍ പ്രവേശനം നടത്തുന്നതിന് പോലീസിന്റെ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ തൃപ്തിദേശായിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ അവര്‍ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ തൃപ്തി ദേശായി നിയമോപദേശം തേടിയതായാണ് സൂചന.
നേരത്തെ തൃപ്തി ദേശായിയുമായി പോലീസ് ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരുന്നില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യവും പോലീസ് തൃപ്തി ദേശായിയെ ബോധ്യപ്പെടുത്തി. എന്നാല്‍ ഏതു സാഹചര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും മടങ്ങിപ്പോകില്ലെന്നുമുള്ള നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
ആവശ്യപ്പെട്ട പ്രകാരം വാഹനവും താമസ സൗകര്യവും ഏര്‍പ്പാടാക്കാന്‍ കഴിയില്ലെന്നും പോലീസ് തൃപ്തി ദേശായിയെ അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയില്‍ വാഹനം ഏര്‍പ്പാടാക്കിയാല്‍ കഴിയുന്ന സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു.
വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിനു പുറത്ത് പ്രതിഷേധം ശക്തമായ സാഹചര്യമാണുള്ളത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിലയിലേക്ക് പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഉടന്‍ പ്രശ്‌നപരിഹാരം വേണമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി വിമാനങ്ങള്‍ ഏതാനും സമയത്തിനുള്ളില്‍ ഇവിടെ ഇറങ്ങാനുള്ളതിനാല്‍ പ്രതിഷേധം കനക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിമാനത്താവള അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Content Highlights: trupti desai, high court, security for sabarimala entry