കോട്ടയം: എം.ജി.സര്‍വകലാശാലയില്‍ ബിടെക് മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലമാറ്റി.
സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം.കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുകൂടാതെ, മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. നേരത്തെ 188 വിദ്യാര്‍ഥികളുടെ എണ്ണം വെച്ചുകൊണ്ടണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പിന്‍വലിക്കുന്നതായി സര്‍വകലാശാല അറിയിച്ചു.
അതേസമയം, 116 പേര്‍ക്ക് പ്രത്യേക മോഡറേഷന്‍ ലഭിച്ചിട്ടുള്ളൂവെന്നാണ് സര്‍വകലാശാലയുടെ പുതിയ വിശദീകരണം. മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പിശക് പറ്റിയെന്ന് സര്‍വകലാശാല പരസ്യമായി രേഖാമൂലം സമ്മതിച്ചു. ആദ്യമായാണ് സര്‍വകലാശാല മുഖം രക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.
118 വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്നതായിരുന്നു ആക്ഷേപം. സംഭവം വിവാദമായതോടെ സര്‍വകലാശാല നടത്തിയ പരിശോധനയില്‍ 116 വിദ്യാര്‍ഥികള്‍ക്കാണ് മോഡറേഷന്‍ ലഭിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം, കോതമംഗലം, മൂവാറ്റുപ്പുഴ എന്നിവിടങ്ങളിലുള്ള കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക മോഡറേഷന്‍ വഴിയല്ല മാര്‍ക്ക് ലഭിച്ചതെന്നും കണ്ടെത്തി.
മാര്‍ക്ക് ദാനത്തില്‍ സിന്റിക്കേറ്റിനും മന്ത്രിയുടെ ഓഫീസിനുമാണ് വീഴ്ച സംഭവിച്ചതെന്ന ആരോപണങ്ങള്‍ ശക്തമായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്രമങ്ങളെക്കുറിച്ചുള്ള കൃത്യമായ റിപ്പോര്‍ട്ട് ജനുവരി നാലിനകം നല്‍കാന്‍ പരീക്ഷാ കണ്‍ട്രോളറോട് രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: transfer and suspension for university officers on MG University mark controversy