കൊച്ചി: കളമശേരി-വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ റോഡില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍ പിരിക്കുമെന്ന് ദേശീയപാത അതോറിറ്റി. ഇതിനായുള്ള വിജ്ഞാപനം അതോറിറ്റി പുറത്തിറക്കി.
കാര്‍, ജീപ്പ് ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ ഒരുദിശയിലേക്ക് 45 രൂപയും ഇരുദിശകളിലേക്കുമായി 70 രൂപയും ടോള്‍ നല്‍കണം. ബസുകള്‍ക്ക് ഒരു ദിശയിലേക്ക് 160 രൂപയും ഇരുദിശകളിലേക്കുമായി 240 രൂപയും ഈടാക്കും. മറ്റു വലിയ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 250 രൂപയും ഏഴ് ആക്‌സിലുകളില്‍ കൂടുതലുള്ള വലിയ വാഹനങ്ങള്‍ക്ക് ഒരുദിശയിലേക്ക് 305 രൂപയും ഇരുദിശയിലേക്കുമായി 460 രൂപയും ടോള്‍ നല്‍കണം.
909 കോടി രൂപ ചിലവഴിച്ചാണ് കണ്ടെയ്‌നര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ 40 ശതമാനമെങ്കിലും ടോള്‍പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയപാത അതോറിറ്റിയുടെ ലക്ഷ്യം. അതേസമയം എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ടോള്‍ തുകയില്‍ നേരിയ ഇളവ് നല്‍കിയേക്കും.
പൊന്നാരിമംഗലത്തെ ടോള്‍ പ്ലാസയില്‍ നേരത്തെ ടോള്‍ പിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. എന്നാല്‍ സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കാതെയും കണ്ടെയ്‌നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങിന് തടയിടാതെയുമാണ് ടോള്‍പിരിവ് ആരംഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Content highlights: Toll collection in Eranakulam kalamaserry - vallarppadam container road
Share this Article
Related Topics