കോട്ടയം/കാസര്‍കോട്: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ വച്ചായിരുന്നു തിരുവഞ്ചൂരിന്റെ ക്ഷണം.
1969 മുതല്‍ 77 വരെ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോള്‍ സിപിഐ-കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കി കൊണ്ടുവരുന്നതിന് സിപിഐ യുഡിഎഫിന്റെ ഭാഗമാകണമെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്-സിപിഐ കൂട്ടുകെട്ടിലുണ്ടായ സര്‍ക്കാരിന്റെ കാലഘട്ടമാണ് കേരളത്തിലെ സുവര്‍ണ കാലം എന്ന് നിസംശയം പറയാം. സംസ്ഥാനം ഇന്ന് കാണുന്ന പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത് ഈ കാലഘട്ടത്തിലാണ്. ഈ സുവര്‍ണ കാലം കേരളത്തിന് മടക്കി നല്‍കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
അതിനിടെ, സത്യസന്ധരായ നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഐയെന്ന് മുന്‍ ധനമന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍ കാസര്‍കോട് നടന്ന പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു. മികച്ച പ്രവര്‍ത്തനം കൊണ്ട് ജനസമ്മതി നേടാനും സിപിഐക്ക് സാധിച്ചിട്ടുണ്ട്. എഴുപത് കാലഘട്ടത്തില്‍ സിപിഐ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ പ്രബല കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിപിഐ യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ക്ഷണം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.