തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം എല്ലാ ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. വെടിക്കെട്ടുകള്‍ ഉള്‍പ്പടെ മുന്‍വര്‍ഷങ്ങളിലേത് പോലെ നടക്കും. സുരക്ഷ ഉറപ്പാക്കാനും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വെടിക്കെട്ട് നടത്തുന്നതിന് കേന്ദ്രത്തിന്റെ അനുമതി നേടേണ്ടതുണ്ട്. സുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമായിരിക്കും ഇതിനായി കേന്ദ്രത്തെ സമീപിക്കുക. നിര്‍മലാ സീതാരമാന്‍ അധ്യക്ഷയായ കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കക.
സര്‍ക്കാര്‍ തീരുമാനത്തെ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി സ്വാഗതം ചെയ്തു. വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിക്കുന്ന കാര്യം ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വൈകീട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേരളത്തിന് ഇളവ് വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പരിസ്ഥിതിലോല പ്രദേശത്തിന്റെ അളവ് 9107 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെടും.
Share this Article
Related Topics