ചെറുതോണി: ഇടുക്കി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. ഉച്ചയോടെ നാല് ഷട്ടറും തുറന്നിരുന്നു. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം.
ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്. ഉച്ചയോടെ ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി.
നിലവില്‍ 2401.60 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.
ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ രാവിലെ എഴുമണിയോടെയാണ് തുറന്നത്. ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച തുറന്ന ഷട്ടര്‍ അടച്ചിരുന്നില്ല. പിന്നീട് മൂന്നാമത്തേതും ഉച്ചയ്ക്ക് ഒരു മണിയോടെ നാലമത്തെ ഷട്ടറും തുറന്നു.
വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. പാലത്തില്‍ വെള്ളം കയറി.
വ്യാഴാഴ്ച ഉച്ചയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ചെറുതോണിയില്‍ ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ഷട്ടറില്‍ മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്. നാല് മണിക്കൂറാണ് ട്രയല്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് കൂടികൊണ്ടിരുന്നതിനാല്‍ പുലര്‍ച്ചവരെ ഷട്ടര്‍ തുറന്നിടാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.