കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിൽ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 14 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
തമിഴ്‌നാട് സ്വദേശികളായ യാക്കോബ്, മണിക്കുടി, യുഗനാഥന്‍ എന്നിവരാണ് മരിച്ചത്. ബോട്ടിലുള്ളവരില്‍ 11 പേര്‍ തമിഴ്‌നാട്ടുകാരാണ്. 2 പേര്‍ ബംഗാളില്‍ നിന്നുള്ളവരും ഒരാള്‍ മലയാളിയുമാണ്. മുനമ്പം മാല്യങ്കര സ്വദേശി ഷിജുവിനെയാണ് കാണാതായത്
മുനമ്പം സ്വദേശിയായ പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. ബോട്ട് നിശ്ശേഷം തകര്‍ന്നു. മുംബൈ ആസ്ഥാനമായുള്ള എം.വി ദേശ് ശക്തി എന്ന കപ്പലാണ് ബോട്ടിലിടിച്ചതെന്ന് തിരിച്ചറിഞ്ഞു. കപ്പലിലുള്ളവരെ ചോദ്യം ചെയ്യാനായി ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പുറപ്പെട്ടു. ചെന്നൈയില്‍ നിന്നും ഇറാഖിലെ ബസ്രയിലേക്ക് പോകുകയായിരുന്നു ഈ കപ്പലെന്നാണ് ലഭിക്കുന്ന വിവരം
ബോട്ട് തകരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇവര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് മറ്റ് മത്സ്യബന്ധന ബോട്ടുകള്‍ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുകയായിരുന്നു.
ഇപ്പോൾ 40 ഓളം ബോട്ടുകൾ പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.
മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യന്ത്രി അറിയിച്ചു.