തിരുവനന്തപുരം: പെട്രോളില്‍ നിന്നും ഡീസലില്‍ വിലവര്‍ധനയിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
നിലവിലെ സാഹചര്യത്തില്‍ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ട്. അതുകൊണ്ടു തന്നെ നികുതി വരുമാനം ഉപേക്ഷിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയത്തിന്റെ ഭാഗമാണ് പെട്രോളിന്റേയും ഡീസലിന്റേയും അനിയന്ത്രിതമായ വിലവര്‍ധനവ്. ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നുള്ള നികുതി വരുമാനം വേണ്ടെന്ന് വെക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 13 തവണ എണ്ണ വില വര്‍ധിച്ചപ്പോള്‍ പലപ്പോഴായി സംസ്ഥാന സര്‍ക്കാര്‍ ആ നികുതി വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. ഈ മാതൃക പിന്തുടരണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്രതിപക്ഷത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചില്ല. മാത്രമല്ല അടിയന്തിര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തുമില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.