തിരുവനന്തപുരം: സ്ത്രീ സുരക്ഷ സജീവ ചര്‍ച്ചയാകുമ്പോഴും, സ്ത്രീ പക്ഷമെന്ന പ്രഖ്യാപനവുമായി പുറത്തുവന്ന പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് കടലാസ് മാത്രമായി. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് വലിയ പ്രഖ്യാപനമായി അവതരിപ്പിക്കുകയും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍, പൊതുശുചിമുറികള്‍ എന്നിവയ്ക്ക് തുക മാറ്റുകയും ചെയ്‌തെങ്കിലും ഒന്നും നടന്നിട്ടില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി പെന്‍ഷനും വിദ്യാഭ്യാസ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതും നടപ്പായില്ല.
ജെന്‍ഡര്‍ ഓഡിറ്റ്, സ്ത്രീകള്‍ക്കായി മറ്റു വകുപ്പുകളിലുള്ള സ്‌കീമുകള്‍ എന്നിവ ഏകോപിപ്പിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നായിരുന്നു സ്ത്രീ തുല്യത വിഭാഗത്തില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രധാന പ്രഖ്യാപനം. ഇതിനായി 10 കോടി രൂപ വകയിരുത്തുകയും ചെയ്തു. അതനുസരിച്ച് പുതിയ വകുപ്പിനെക്കുറിച്ച് സാദ്ധ്യതാപഠനം നടത്താന്‍ മുന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രനെ ഏല്‍പ്പിച്ചു. അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് അറിയുന്നത്. മറ്റൊന്നും ഇക്കാര്യത്തില്‍ നടന്നില്ല.
നിര്‍ഭയ ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍ക്ക് 12.5 കോടി വകയിരുത്തി, തടവറകളെപ്പോലെയുള്ള അവയെ സ്ത്രീ സൗഹൃദമാക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. എന്നാല്‍ അവയിപ്പോഴും തടവറകളായി തുടരുകയാണ്. ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷ നല്‍കുന്ന അന്തരീക്ഷമുണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഷെല്‍ട്ടര്‍ ഹോമുകളുടെ ഭൗതിക സാഹചര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല.
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം അഥവാ തടവറ
പെണ്‍കുട്ടികള്‍ ചാടിപ്പോകുന്നതായുള്ള സ്ഥിരമായ വാര്‍ത്തകളിലൂടെയാണ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളെ എല്ലാവരും കൂടുതലായി അറിയുന്നത്. പെണ്‍കുട്ടികള്‍ തിങ്ങിപ്പാര്‍ക്കുന്ന തടവറകളാണ് ഈ കേന്ദ്രങ്ങളിപ്പോഴും. പ്രഖ്യാപിച്ച കോടികളില്‍ അഞ്ചുകോടി മാത്രമാണ് വകയിരുത്തിയത്. ഒമ്പതു ജില്ലകളിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനല്ലാതെ എന്തെങ്കിലും ചെയ്യാന്‍ ഇതുകൊണ്ടു കഴിയില്ലെന്ന് ഷെല്‍ട്ടര്‍ ഹോമിലെ ഒരു ജീവനക്കാരി പറയുന്നു.
തിരുവനന്തപുരം പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമില്‍ മാത്രം 130 പെണ്‍കുട്ടികളാണുള്ളത്. ഇക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകും മുമ്പ് പ്രസവിച്ച് കുഞ്ഞുങ്ങളുമായി കഴിയുന്നവര്‍ വരെയുണ്ട്. അടുത്തിടെ പ്രസവിച്ച ഇക്കൂട്ടത്തിലൊരു അമ്മയ്ക്കും കുഞ്ഞിനും മാത്രമാണ് കട്ടില്‍ സൗകര്യമുള്ളത്. ബാക്കിയുള്ളവര്‍ തറയില്‍ ഇടുങ്ങിക്കിടക്കണം. ചെറിയ രണ്ടു കെട്ടിടങ്ങളിലായി മതിയായ സൗകര്യങ്ങളില്ലാതെയാണ് ലൈംഗിക അതിക്രമത്തിനിരയായി മാനസിക നില തെറ്റിയ കുട്ടികളെയടക്കം പാര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ ഷെല്‍ട്ടര്‍ ഹോമിന്റെ നടത്തിപ്പ് ചുമതലയുള്ള തിരുവനന്തപുരം ആസ്ഥാനമായ സംഘടനയ്ക്ക് സ്വന്തം ഫണ്ടില്‍ നിന്ന് ചെലവിനുള്ള തുക കണ്ടെത്തേണ്ട അവസ്ഥയാണ്.
കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഷെല്‍ട്ടര്‍ ഹോമുകളില്ല. ഇവിടങ്ങളില്‍ നിന്നുള്ള കുട്ടികളെയും മറ്റു ജില്ലകളിലെത്തിക്കേണ്ട അവസ്ഥയാണ്. മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളെ അടക്കം പാര്‍പ്പിക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ആ അവസ്ഥയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഫലവത്തായി നടക്കുന്നില്ലെന്നതാണ് സത്യം. കേരളത്തിലാകമാനം ഇതാണ് അവസ്ഥയെന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ശങ്ക മാറ്റാന്‍ പൊതുശൗചാലയമെവിടെ?
പൊതുയിടങ്ങള്‍ സ്ത്രീസൗഹൃദമാകേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞ ബജറ്റ് പൊതുശൗചാലയങ്ങള്‍ക്കായി 20 കോടി വകയിരുത്തി. റോഡുകളുമായി ചേര്‍ന്നുള്ള പെട്രോള്‍ പമ്പുകള്‍, പൊതുസ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചുനല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ സ്ഥലങ്ങളില്‍ ശൗചാലയം, മുലയൂട്ടല്‍ മുറി, വെന്‍ഡിങ് മെഷീന്‍, സ്‌നാക്ക് ബാര്‍ എന്നിവ ഉള്‍പ്പെടുന്ന ഫ്രഷ് അപ്പ് സെന്ററുകള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും പ്രാവര്‍ത്തികമായിട്ടില്ല.
ഭിന്നലിംഗക്കാര്‍ക്ക് അംഗീകാരം പ്രഖ്യാപനത്തില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി മൂന്നു പദ്ധതികളാണ് പ്രഖ്യാപിച്ചത്. 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനും വിദ്യാര്‍ത്ഥികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ധനസഹായവും പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. തുടക്കമായി 10 കോടി രൂപയാണ് വകയിരുത്തിയത്. ഇവര്‍ക്കായി ഫണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ആരും ഇക്കാര്യത്തില്‍ മുന്നോട്ടുവരാന്‍ തയ്യാറാകുന്നില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് അധികൃതര്‍ പറയുന്നത്.
സ്ത്രീപക്ഷമെന്നത് പ്രഖ്യാപനമായപ്പോള്‍ എല്ലാ കൊല്ലവുമുള്ള ചടങ്ങു മാത്രമായി ബജറ്റ് മാറി. ഇക്കൊല്ലവും പുതുതായെന്തെങ്കിലും നടക്കുമെന്നത് ഒരു പ്രതീക്ഷയാണ്.