തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്തെ മുഴുവന്‍ കള്ളപ്പണവും ബാങ്കുകളിലൂടെ വെളുപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. മാതൃഭൂമി ഡോട്ട് കോം വായനക്കാരുമായി ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംവദിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബന്ധുക്കള്‍ക്കുള്ള ഭാഗപത്ര കൈമാറ്റത്തില്‍ രജിസ്‌ട്രേഷന്‍ നിരക്ക് ഇളവുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കള്ളനോട്ടുപോലും വെളുപ്പിച്ചുവെന്നാണ് സൂചന. ഇതുപോലെയൊരു പരാജയം സമീപകാലത്തൊന്നും ഒരു സര്‍ക്കാരിനും നേരിടേണ്ടിവന്നിട്ടില്ല. പരാജയം സമ്മതിച്ചുവെന്ന് തുറന്ന് സമ്മതിക്കുന്നതിന് പകരം എന്തോ വലിയ കാര്യം ചെയ്തുവെന്ന ഭാവത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം മൂലമുള്ള ദുരിതം വരും ദിവസങ്ങളില്‍ രൂക്ഷമാകും. നടപടി സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് പരാമര്‍ശം രാഷ്ട്രപതിയില്‍നിന്നുംപോലും വന്നിട്ടുണ്ട്. ദുരിതം രൂക്ഷമാകുന്നതോടെ നോട്ട് അസാധുവാക്കലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കള്ളപ്പണക്കാരെന്ന് മുദ്രകുത്തി അര്‍ധരാത്രിയില്‍ ബന്ദികളാക്കാന്‍ ആര്‍ക്കും അധികാരമില്ല. എ.ടി.എമ്മില്‍ നിറയ്ക്കാന്‍ പോലും കഴിയാത്ത നോട്ട് അച്ചടിച്ച നടപടി വ്യക്തമാക്കുന്നത് എത്ര അലംഭാവത്തോടെ പദ്ധതി നടപ്പാക്കി എന്നതാണ്. തെറ്റായ ആശയം മോശമായ രീതിയില്‍ നടപ്പിലാക്കുകയാണ് ചെയ്തത്.
3 മുതല്‍ 3.5 ലക്ഷം കോടിയുടെ വരെ ദേശീയ ഉത്പാദന നഷ്ടം ഇതുമൂലം രാജ്യത്തുണ്ടാകുമെന്നാണ് കരുതുന്നത്. നോട്ട് അച്ചടിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള ചിലവുകള്‍ വേറെ. നോട്ട് നിരോധനം ആദ്യമായല്ല. മുമ്പ് പലതവണയും നടന്നിട്ടുണ്ട്. യുദ്ധവും ക്ഷാമവും മറ്റും ഉണ്ടായ സമയത്താണ് മുമ്പ് ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പാക്കിയത്. അത്തരത്തിലുള്ള സാഹചര്യമൊന്നും ഇന്നില്ല. നോട്ട് അസാധുവാക്കലിനെയല്ല നടപ്പാക്കിയ രീതിയെയാണ് എതിര്‍ക്കുന്നത്.
സംസ്ഥാനം ലക്ഷ്യമിട്ടത് നികുതി വരുമാനത്തില്‍ 20 ശതമാനം വര്‍ധനയ്ക്കാണ്. എന്നാല്‍, നോട്ട് പിന്‍വലിക്കല്‍ വന്നതോട് ഇത് 10 ശതമാനമായി ചുരുങ്ങി. ബാങ്കുകളില്‍ പണം തിരിച്ചുവന്നിട്ടുണ്ടെങ്കിലും ഇതെല്ലാം ഓരോരുത്തരുടെയും അക്കൗണ്ടുകളിലൂടെയാണ് വന്നത്. അല്ലാതെ തിരിച്ചടവായല്ല. അതിനാല്‍ ബാങ്കുകള്‍ക്ക് സഹായകമാവില്ല.
പ്രതിസന്ധി നീണ്ടതോടെ ഉദ്പാദനം കുറയ്ക്കുന്നത് ഈമാസത്തോടെ തുടങ്ങി. ഇനിയും നീണ്ടാല്‍ തൊഴിലാളികളുടെ ജോലിയെ ബാധിക്കും.
ബാങ്ക് നിക്ഷേപങ്ങളില്‍ താത്കാലിക വര്‍ധന മാത്രമാണുള്ളത്. ബാങ്കുകളെ രക്ഷിക്കാനുള്ള നടപടിയാണെന്ന് കരുതുന്നില്ല. ഇന്ത്യന്‍ സമ്പദ്ഘടനയെ കറന്‍സി രഹിതമാക്കാമെന്ന് കരുതുന്നത് വിഢിത്തമാണ്. കറന്‍സി രഹിത ഇടപാടുകള്‍ 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞേക്കും. രാജ്യത്തെ കെടുതികള്‍ നൂറോ ഇരുനൂറോ ദിവസങ്ങള്‍ കഴിഞ്ഞാലും അവസാനിക്കില്ല. ഹിമാലയന്‍ വിഢിത്തമായി തീരുമാനം വിലയിരുത്തപ്പെടും. തെറ്റായ നടപടി ജനങ്ങള്‍ക്ക് നഷ്ടമല്ലാതെ നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.