ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളെ നിസാരമായി കാണുന്നതായി ഗതാഗത മന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തന്റെ പേരില്‍ തീറാധാരമുള്ള സ്ഥലം ഉയര്‍ത്തുന്നതിനായി മണ്ണ് ഇട്ടിട്ടുണ്ട്. അല്ലാതെ കായല്‍ നികത്തിയിട്ടില്ലെന്ന് തോമസ് ചാണ്ടി അറിയിച്ചു.
താന്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അവിടെയുണ്ടെന്ന് പറയുന്ന ഒന്നര സെന്റ് നടപ്പാത കാണിച്ചു തന്നാല്‍ അവിടുത്തെ മണ്ണ് മാറ്റിനല്‍കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അവിടെ മണ്ണിട്ടില്ലായിരുന്നെങ്കില്‍ അവിടെ ഒരു ചാല്‍ രൂപപ്പെടുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലായി കെട്ടിച്ചമച്ചതാണെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. എന്നാല്‍, ഈ ആരോപണങ്ങളുടെ പേരില്‍ രാജി വയ്‌ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ത്താണ്ഡം കായല്‍ നികത്തിയെന്ന പേരില്‍ ഉയരുന്ന വാദങ്ങള്‍ തെറ്റിധാരണയെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്താണ്ഡം കായലിലേത് നികത്താവുന്ന ഭൂമിയാണ്. അതിന് കരഭൂമിയുടെ കരം അടയ്ക്കുന്നതുമാണ്. ഇത് ആരോപണം ഉന്നയിച്ചവര്‍ക്ക് മനസിലായതിനെ തുടര്‍ന്ന്് അവര്‍ ഉരുണ്ട് കളിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പിന്നീട് സര്‍ക്കാര്‍ ആ സ്ഥലം അവര്‍ക്ക് പതിച്ചു നല്‍കുകയും, അതു കഴിഞ്ഞ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കെ.സി. ഫ്രാന്‍സിസിന്റെ മക്കളുടെ കൈയില്‍ നിന്നും താന്‍ ആ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ നഗരസഭയിലെ ഫയല്‍ കാണാതായതിനെ കുറിച്ച് തനിക്ക് അറിയില്ല. ഫയല്‍ സൂക്ഷിക്കുന്നത് എന്റെ പണിയല്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി തന്നെ അപമാനിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് നോക്കി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു സെന്റ് ഭൂമിപോലും കായല്‍ ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കളക്ടര്‍ റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഏകപക്ഷീയമാണ്. തന്റെയോ സ്ഥാപനത്തിന്റെയോ വാദം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.