തിരുവനന്തപുരം: തനിക്കെതിരേ കേസെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്കെതിരേ പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ ടി.പി കേസില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിനെ പേടിയില്ല. തനിക്കെതിരായ കേസ് എന്താണെന്ന് അറിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്ത് വിടാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല. കേസ് ഇത്രയും ദിവസം സംസ്ഥാന സര്‍ക്കാര്‍ കൈയില്‍ വെച്ചുകൊണ്ടിരിക്കുകയായിരുന്നു. വേങ്ങരയില്‍ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ വരി നില്‍ക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി ഒരു കാര്യം നടക്കുന്നതില്‍ പേടിയില്ല. ഉള്‍ഭയമില്ലാതെ എല്ലാത്തിനെയും നേരിടും. താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട് കേസെടുക്കാനെങ്കിലും തയ്യാറായത്. അതിന് മുന്നെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഒരു തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍മാരെല്ലാം കമ്മീഷന് മുന്നില്‍ പോയിട്ടുണ്ട്. ഒരാള്‍ പോലും ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കമ്മീഷന് മുന്നില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ എടുത്ത കേസില്‍ നടപടിയെടുത്തത് താന്‍ അഭ്യന്തരമന്ത്രിയായിരുന്ന സമയത്തായിരുന്നില്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
Share this Article
Related Topics