തൃശൂര്‍: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നാളെ ഹൈക്കോടതി കേസ് പരിഗണിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആന ഉടമസംഘം ഉന്നയിക്കുന്നത് വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും മുഖ്യമന്ത്രി എത്തിയതിന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രിമാരായ വി.എസ്.സുനില്‍കുമാറും കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ആന ഉടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണിത്.
വനംവകുപ്പ് ആന പരിപാലനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ആന ഉടമസംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. മുഖ്യമന്ത്രി മടങ്ങിയെത്തിയാല്‍ ഉടന്‍തന്നെ നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും.- മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ നിയമോപദേശം തേടിയശേഷം ഉചിതമായ തീരുമാനമെടുക്കും. ആനകളെ എഴുന്നള്ളിക്കില്ലെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ആന ഉടമസംഘത്തിനും തൃശൂരിലെ പൂരപ്രേമികള്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞു.
അതേ സമയം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് ആന ഉടമകളും വ്യക്തമാക്കി. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിച്ചതിന് ശേഷം ആനകളുടെ ഉടമകളുടെ സംഘടന അന്തിമതീരുമാനമെടുക്കുമെന്ന് ആനഉടമസംഘം വ്യക്തമാക്കി.
Content Highlights: Thechikottukavu ramachandran ban, Thrissur Pooram