ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തോട് വിയോജിച്ച് സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റി. സന്നിധാനത്ത് പ്രതിദിനം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 36000 ല്‍ നിന്നും ഇരട്ടിയാക്കണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശമാണ് കമ്മറ്റി എതിര്‍ത്തത്. മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറും.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരം പ്രതിദിനം സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണം 36000 ആയി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കി പ്രതിദിനം ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇരട്ടി ആക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നതായി ഡിസംബര്‍ നാലിന് ഡല്‍ഹിയില്‍ ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു.
എംപവേര്‍ഡ് കമ്മിറ്റി യോഗത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രൊഫസര്‍ ശോഭീന്ദ്രന്റെ അഭിഭാഷക ശബരിമലയില്‍ ഒരു ദിവസം 36000 പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ട് സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ സന്നിധാനത്ത് തങ്ങേണ്ടി വരും എന്നും അതിനാല്‍ ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ കഴിയില്ല എന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആവശ്യം ആണ് എംപവേര്‍ഡ് കമ്മിറ്റി തള്ളിയത്.
മാസ്റ്റര്‍ പ്ലാന്‍ പുതുക്കാന്‍ അനുവദിക്കണമന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് എംപവേര്‍ഡ് കമ്മിറ്റിയോട് ഇക്കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.
റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിറ്റിയുടെ യോഗത്തിന്റെ മിനിറ്റ്സില്‍ ആണ് ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല എന്ന് എംപവേര്‍ഡ് കമ്മിറ്റി രേഖാമൂലം വ്യക്തമാക്കിയിരിക്കുന്നത്. മിനിറ്റ്സിന്റെ പകര്‍പ്പ് മാതൃഭൂമി പുറത്ത് വിട്ടു. ശബരിമലയില്‍ വരുന്ന എല്ലാവരും നെയ്യഭിഷേകം ചെയ്യാറില്ലെന്ന് എംപവേര്‍ഡ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി അമര്‍നാഥ് ഷെട്ടി ഡിസംബര്‍ നാലിലെ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഭക്തര്‍ക്ക് താമസിക്കുന്നതിനായി സന്നിധാനത്ത് പുതിയ സ്ഥിരം കെട്ടിടങ്ങള്‍ ഒന്നും നിര്‍മിക്കില്ല എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗനും എംപവേര്‍ഡ് കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ ഉന്നത അധികാര സമിതി തയ്യാറാക്കിയ ലേ ഔട്ട് പ്ലാന്‍ അംഗീകരിക്കില്ല എന്ന് വനം വകുപ്പ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം എടുത്തിട്ടില്ല എന്നും വനം വകുപ്പ് സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
കമ്മറ്റിയുടെ തീരുമാനം ഏകപക്ഷീയം- എന്‍. വാസു
അതേസമയം വിഷയത്തില്‍ എംപവേര്‍ഡ് കമ്മിറ്റി ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 36000 ആണെന്നുള്ള കണക്ക് കമ്മിറ്റിക്ക് എങ്ങനെ കിട്ടിയെന്ന് ഞങ്ങള്‍ക്കറിയില്ല. അങ്ങനെ ഒരു കണക്ക് ഞങ്ങള്‍ നല്‍കിയിട്ടില്ല. ശബരിമലയില്‍ ഒരു ലക്ഷം പേര്‍ വരെ വന്ന ദിവസങ്ങളുണ്ട്.
തങ്ങളെ കൂടി ബോധ്യപ്പെടുത്തി എടുത്ത തീരുമാനമല്ല ഇത് എന്നും എംപവേര്‍ഡ് കമ്മിറ്റി ഏകപക്ഷീയമായി ഇത്തരം നിഗമനങ്ങളിലെത്തുന്നതില്‍ ഞങ്ങള്‍ക്ക് ശക്തമായ വിയോജിപ്പുണ്ട് എന്നും എന്‍. വാസു പറഞ്ഞു.
ശബരിമലയിലെ സാഹചര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കിയല്ല എംപവേര്‍ഡ് കമ്മറ്റി ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡില്‍ നിന്നും തീര്‍ഥാടകരുടെ എണ്ണത്തില്‍ യാതൊരു വിധ കണക്കുകളും കമ്മിറ്റി ശേഖരിച്ചിട്ടില്ല.
ഫോറസ്റ്റ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കമ്മിറ്റിയിലുള്ളത്. ശബരിമലയിലെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ ഇതുവരെയും അവര്‍ക്കായിട്ടില്ല. ശബരിമല ക്ഷേത്രമുള്ളതുകൊണ്ടാണ് ആ പ്രദേശത്തിന് ചുറ്റുമുള്ള വനത്തിന് യാതൊരു നാശവുമുണ്ടാകാതെ നിലനിര്‍ത്തുന്നത് എന്നും എന്‍ വാസു പറഞ്ഞു. .
Content Highlights: The number of devotees arriving at Sabarimala cannot increase SC empowered commitee