സന്നിധാനം: തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. സന്നിധാനത്ത് എത്തിയ സംഘത്തെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. തുടര്‍ന്ന് സോപാനത്തെ കൊടിമരച്ചുവട്ടില്‍ വെച്ച് ആചാരപ്രകാരം തങ്കയങ്കി തന്ത്രി സ്വീകരിച്ചു. ശ്രീകോവിലിലേക്ക് പേടകം കൈമാറി. പിന്നീട് ദീപാരാധനയ്ക്കായി നടയടച്ചു.
അയ്യപ്പവിഗ്രഹത്തില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം നൂറുകണക്കിന് ഭക്തര്‍ അയ്യപ്പനെ തൊഴുതു. സൂര്യഗ്രഹണത്തെ തുടര്‍ന്ന് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സന്നിധാനത്ത് ഭക്തരുടെ തിരക്ക് കുറവാണ്.
41 ദിവസം നീണ്ട മണ്ഡലകാലം പൂര്‍ത്തിയാക്കി മണ്ഡലപൂജയ്ക്കുളള ഒരുക്കത്തിലാണ് ക്ഷേത്രം. നാളെയാണ് മണ്ഡലപൂജ നടക്കുക. നാളെ രാത്രിയോടെ ഹരിവരാസനം പാടി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്കിനായി പിന്നീട് 30-നാണ് നട തുറക്കുക. ഈ മണ്ഡലകാലത്ത് തീര്‍ഥാടകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 50 കോടി രൂപയുടെ അധിക വരുമാനം ഇത്തവണ ലഭിച്ചിട്ടുണ്ട്.
26ന് വൈകീട്ട് മൂന്ന് മണിയോടെ പമ്പ ഗണപതികോവിലിന്റെ മുന്‍പില്‍നിന്നു അയ്യപ്പസേവാസംഘം പ്രവര്‍ത്തകരാണ് തലച്ചുമടായി തങ്കയങ്കി സന്നിധാനത്ത് എത്തിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഈ സംഘത്തിന് നേതൃത്വം നല്‍കിയ ഓമല്ലൂര്‍ തോട്ടത്തില്‍ ടി.പി.ഹരിദാസന്‍ നായരാണ് ഇത്തവണയും നേതൃത്വം നല്‍കിയത്. തങ്കയങ്കി ദീപാരാധനയ്ക്ക് മുന്‍പ് ശ്രീകോവിലില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ദൗത്യം.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ് തങ്കയങ്കി അയ്യപ്പന് സമര്‍പ്പിച്ചത്.451 പവന്‍ തൂക്കം വരുന്നതാണ് തങ്കയങ്കി.
കൊല്ലീരേത്ത് കുടുംബാംഗമായിരുന്ന തങ്കപ്പനാചാരി നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ ജീപ്പില്‍ ശബരിമല മാതൃകയില്‍ രൂപ കല്‍പ്പന ചെയ്ത രഥത്തിലാണ് തങ്കയങ്കി കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മരണശേഷം മക്കളാണ് മൂന്നുവര്‍ഷമായി രഥം നയിക്കുന്നത്.
Content Highlights: Thanka anki procession reached Sabarimala