കോട്ടയം/ എറണാകുളം/ തൃശൂര്‍: തൃശൂര്‍ കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും എ.ടി.എം തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നത് മൂന്നംഗ സംഘം. പിക്കപ്പ് വാനിലെത്തി ഇവര്‍ കവര്‍ച്ച നടത്തുന്ന ദൃശ്യം പോലീസിന് ലഭിച്ചു. കൊരട്ടിക്കും ഇരുമ്പനത്തിനും പുറമേ കോട്ടയത്ത് രണ്ടിടങ്ങളിലും ഇതേ സംഘം കവര്‍ച്ചാ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഘം ഇരുമ്പനത്ത് കവര്‍ച്ച നടത്തിയത്. എ.ടി.എം കൗണ്ടറിലേക്ക് പ്രവേശിച്ച ശേഷം കാമറയിലേക്ക് സ്‌പ്രേ പെയിന്റ് അടിച്ച സംഘം വൈദ്യുത ബന്ധം വിച്ഛേദിക്കുകയായിരുന്നു. പിന്നീട് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ക്കുകയും ട്രേയിലുണ്ടായിരുന്ന പണം കവരുകയും ചെയ്തു.
ഏതാണ്ട് 20 മിനിട്ടിന് ശേഷം കൊരട്ടിയിലെത്തിയ മൂവര്‍ സംഘം ഇവിടെയും മോഷണം നടത്തി. ഇരുമ്പനത്ത് നിന്ന് സംഘം 25 ലക്ഷം രൂപയും കൊരട്ടിയില്‍ നിന്ന് 10 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഇവിടങ്ങളില്‍ എത്തുന്നതിന് മുമ്പ് കവര്‍ച്ചാ സംഘം കോട്ടയം കുറുവിലങ്ങാടും വെമ്പള്ളിയിലും എ.ടി.എം കൗണ്ടറുകളില്‍ മോഷണത്തിന് ശ്രമിച്ചു. എന്നാല്‍ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മോഷണങ്ങള്‍ക്ക് പിന്നില്‍ അന്യ സംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിന് കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. വിരലടയാള വിദഗ്ദര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ എ.ടി.എം തകര്‍ത്ത് പണമെടുക്കുന്ന സംഭവം സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കവര്‍ച്ചാ സംഘം പുലര്‍ച്ചെ പാലിയേക്കര ടോള്‍ പ്ലാസ വഴി കടന്നുപോയിട്ടുണ്ടാകാമെന്ന് പോലീസ് കണക്കുകൂട്ടുന്നു. ഇവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും പോലീസ് പദ്ധതിയൊരുക്കുന്നുണ്ട്. എം.സി റോഡിലും ദേശീയ പാതയോരങ്ങളിലും നടന്ന കവര്‍ച്ച പ്രദേശ വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.