തിരുവനന്തപുരം: സെന്‍കുമാറിന് നീതി ലഭിച്ചുവെന്ന് ഉമ്മന്‍ ചാണ്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസിന്റെ പ്രവര്‍ത്തനം പ്രശംസനീയമായിരുന്നു. പുറ്റിങ്ങല്‍ അപകടത്തിന്മേലുള്ള നടപടി ക്രമങ്ങള്‍ എല്ലാം പുര്‍ത്തീകരിച്ചതാണ്.
ജിഷ കേസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച അന്വേഷണ സംഘത്തിന്റെ തുടര്‍ അന്വേഷണമാണ് പുതിയ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം നടത്തിയത്. ഇരു അന്വേഷണ സംഘങ്ങളും മികച്ച രീതിയില്‍ അന്വേഷിക്കുകയും ശരിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയിതു. ആദ്യത്തെ അന്വേഷണ സംഘത്തിനോ അന്നത്തെ ഡിജിപിക്കോ ഒരു പിശകും പറ്റിയതായി അന്നത്തെ സര്‍ക്കാരിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനത്തിന്റെ ചുമതലയുള്ള സംസ്ഥാന പോലീസ് മോധാവിക്ക് രണ്ടു വര്‍ഷമെങ്കിലും ആ സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കണം എന്ന് സുപ്രീം കോടതി ഉത്തരവിലെ കാറ്റില്‍പ്പറത്തിയതിനുള്ള ശിക്ഷയാണ് സെന്‍കുമാര്‍ കേസിലെ വിധിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
സെന്‍കുമാറിനെ ഒഴിവാക്കാന്‍ ഇനി എന്തെല്ലാം കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുക എന്നറിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഓണം വരാന്‍ ഒരു മൂലം വേണം എന്ന പറയുന്നപോലെ ഒഴിവാക്കുന്നതിന് ഒരു കാരണം തേടി നടന്നാണ് സെന്‍കുമാറിനെ നിസാരമായ കാരണത്തിന്റെ പേരില്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍കുമാറിനെ മാറ്റാന്‍ പറഞ്ഞ പുറ്റിങ്ങല്‍ കേസും ജിഷ കേസുമൊന്നും നിയമത്തിന് മുന്നില്‍ യഥാര്‍ത്ഥത്തില്‍ വിലപ്പോകുന്നതല്ല. രണ്ട് കേസുകളിലും പ്രത്യേക അന്വേഷണ സംഘങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വമുള്ളത്. അവരുടെ അഭിപ്രായം പോലും ചോദിക്കാതെ സര്‍ക്കാര്‍ മാറിയ ഉടന്‍ ഡിജിപിയെ മാറ്റി. അതിനാല്‍ കേസല്ല, സെന്‍കുമാറിനെ മാറ്റണം എന്നതായിരുന്നു ലക്ഷ്യമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.