സെന്‍കുമാറിനെതിരായ ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്


കെ.എസ്.ആര്‍.ടി.സിയുടെയും കെ.ടി.ഡി.സിയുടെയും എം.ഡിയായിരുന്ന സമയത്തടക്കം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളിലും കഴമ്പില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്.

കെ.എസ്.ആര്‍.ടി.സിയുടെയും കെ.ടി.ഡി.സിയുടെയും എം.ഡിയായിരുന്ന സമയത്തടക്കം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ലെന്ന് പ്രത്യേക കോടതിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജൂലായ് നാലിന് കോടതി പരിഗണിക്കും.

സെന്‍കുമാറിനെതിരെ നേരത്തെ സമര്‍പ്പിക്കപ്പെട്ട ആറ് പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിട്ടുള്ളത്.

പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫിനെ തൊട്ടുപിന്നാലെ അദ്ദേഹമറിയാതെ സ്ഥലംമാറ്റി. ഇവയെല്ലാം സെന്‍കുമാറിനെതിരായ പ്രതികാര നടപടിയായി വിലയിരുത്തപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് സെന്‍കുമാറിനെതിരായ ആറ് പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram