ന്യൂഡല്‍ഹി: ടി.പി സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ഉത്തരവ് നടപ്പാക്കിയതായും സെന്‍കുമാറിന് സംസ്ഥാന പോലീസ് മേധാവിയായി നിയമനം നല്‍കിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്.
ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കിയിരുന്നു. സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതിന് പിന്നാലെ പിന്‍വലിച്ചു.
സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് നിയമനം നല്‍കുകയും നിയമന ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ജിഷ വധം, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം എന്നീ കേസുകളുടെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന്റെ പേരിലാണ് സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത്. നടപടിക്കെതിരെ സെന്‍കുമാര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും സര്‍ക്കാരിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.