കൊച്ചി: സീറോ മലബാര്‍ സഭയുടെ 27 കോടിയുടെ ഭൂമിയിടപാടിന്റെ പേരില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിയ്ക്കെതിരേ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ കര്‍ദിനാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചതിന്റെ രേഖകള്‍ പുറത്ത്.
എറണാകുളത്ത് സഭയുടെ ഉടമസ്ഥതയിലുള്ള നൂറു കോടിയോളം വില മതിക്കുന്ന സ്ഥലങ്ങള്‍ എട്ടു കോടിക്ക് കൈമാറാന്‍ ശ്രമിച്ചതായാണ് രേഖകള്‍ പറയുന്നത്.
കുണ്ടന്നൂര്‍ ദേശീയപാതയിലുള്ള 155 സെന്റ് സ്ഥലവും തേവരയിലെ 50 സെന്റ് സ്ഥലവും അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ വശത്തുള്ള മറ്റൊരു 40 സെന്റ് സ്ഥലവും വില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് സഭാവൃത്തങ്ങള്‍ പറയുന്നു. ഇതിനായി തയാറാക്കിയിട്ടുള്ള രേഖകളില്‍ ചിലതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കോതമംഗലം സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ക്കാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങള്‍ വില്‍ക്കാനായി രേഖകള്‍ തയാറാക്കിയിട്ടുള്ളത്. അന്വേഷണത്തിന് ഉത്തരവിട്ട ഇടപാട് പോലെതന്നെ ഇയാളില്‍നിന്നു പണം സ്വീകരിക്കാതെ പകരം ഭൂമി വാങ്ങാനായിരുന്നു നീക്കമെന്ന് സഭയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇയാളില്‍നിന്നു 70 ഏക്കര്‍ ഭൂമി പകരം വാങ്ങാനായിരുന്നു നീക്കം.
2017 ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ് ഇടപാടിനായുള്ള രേഖകള്‍ നിര്‍മിച്ചിരിക്കുന്നത്. കൈമാറ്റത്തിനുള്ള എല്ലാ രേഖകളും പൂര്‍ത്തിയാക്കിയിരുന്നതായും ചില സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് നടക്കാതെ പോയതാണെന്നും സഭാവൃത്തങ്ങള്‍ പറയുന്നു. പിന്നീട്, മറ്റു ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ പുറത്തുവന്നതോടെ ഈ ഇടപാട് നടത്തിയില്ല.
ഈ ഭൂമി കൈമാറ്റം നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന ഭൂമിയിടപാടുകളേക്കാള്‍ വലിയ നഷ്ടം സഭയ്ക്കുണ്ടാകുമായിരുന്നെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന ഇടപാട് പോലെത്തന്നെ ഈ ഭൂമി കൈമാറ്റം സംബന്ധിച്ചും സഭയില്‍ ചര്‍ച്ച നടന്നിരുന്നെന്നും അത് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നതായുമാണ് വിവരം. എന്നാല്‍, തുടര്‍ചര്‍ച്ചകളൊന്നും കൂടാതെ തന്നെ കര്‍ദിനാള്‍ ഈ ഭൂമി കൈമാറ്റത്തിന് മുന്നിട്ടിറങ്ങുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
വിവാദമായ ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ സഭ നിയോഗിച്ച ആറംഗ സമിതിയുടെ മുന്നിലും ഈ രേഖകള്‍ എത്തിയിരുന്നില്ല. മറ്റു ഭൂമിയിടപാടുകള്‍ സംബന്ധിച്ച രേഖകളുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി ലഭിച്ചതെന്ന് സമിതിയില്‍ അംഗമായിരുന്ന ഒരാള്‍ തന്നെ പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ടൊക്കെ സമര്‍പ്പിച്ച ശേഷം ഒരാഴ്ച മുമ്പ് ഇടപാടിനായി മുദ്രപത്രങ്ങള്‍ വാങ്ങിച്ച വകയില്‍ 80 ലക്ഷം രൂപ അടയ്ക്കാന്‍ പറയുമ്പോഴാണ് ഈ ഇടപാടിനെ കുറിച്ച് അറിയുന്നതെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സമിതി അംഗം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.