കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വന്‍ ഗൂഢാലോചന നടന്നതായി പോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് കര്‍ദിനാളിനെതിരേ വ്യാജരേഖ ചമച്ചതെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതായും പോലീസ് കണ്ടെത്തി. വ്യാജരേഖ ചമച്ച എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്.
ഫാ. കല്ലൂക്കാരനാണ് വ്യാജരേഖ ചമയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നാണ് ആദിത്യന്റെ മൊഴി. സംഭവത്തില്‍ വൈദികരുടെ പേര് ഉള്‍പ്പെടാതിരിക്കാനാണ് ഫാ. പോള്‍ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും ആദിത്യന്‍ പോലീസിനോട് പറഞ്ഞു.
ആദിത്യനെ ഉപയോഗിച്ച് വ്യാജരേഖ നിര്‍മിച്ച് കര്‍ദിനാളിനെ കുടുക്കാനായിരുന്നു സഭയിലെ ഒരുവിഭാഗത്തിന്റെ നീക്കമെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ കൂടുതല്‍ വൈദികരെ ചോദ്യംചെയ്യുമെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും പോലീസ് അറയിച്ചു.
സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കഴിഞ്ഞദിവസമാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ആദ്യഘട്ട ചോദ്യംചെയ്യലില്‍ തനിക്ക് ലഭിച്ചത് വ്യാജരേഖയല്ലെന്നായിരുന്നു ആദിത്യന്റെ വാദം. പക്ഷേ, പിന്നീട് നടത്തിയ ചോദ്യംചെയ്യലില്‍ ആദിത്യന്റെ കമ്പ്യൂട്ടറില്‍നിന്നാണ് വ്യാജരേഖ നിര്‍മിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കമ്പ്യൂട്ടര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: syro malabar church forgery case, police says accused made conspiracy against mar george alanchery