കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് നത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. പോലീസ് സമരക്കാര്‍ക്കുനേരെ ലാത്തി വീശി.
ഞായറാഴ്ച രാവിലെ 11.15ഓടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി ക്രോസ് റോഡ്‌സ് സ്‌കൂളിലെത്തിയത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളില്‍ കയറി ബെഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തിട്ടുണ്ട്.
എസ്എഫ്ഐ മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ് വലിയ പോലീസ് സന്നാഹം സ്കൂളിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പിന്നീട് സമരക്കാരെ സ്‌കൂള്‍ വളപ്പില്‍നിന്ന് പുറത്താക്കുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വാഴൂര്‍ പുളിക്കല്‍കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്റെ മകന്‍ ബിന്റോ ശനിയാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
Content Highlights: student's death, SFI march, Crossroads School, student's suicide