തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ സുരക്ഷിതമല്ലാത്ത രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇക്കാര്യത്തില്‍ വില്ലനാകുന്നത്. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തിയേക്കാം. ഇങ്ങനെ കാഴ്ച നഷ്ടപ്പെട്ടാല്‍ അതിന് ചികിത്സയില്ല.
അതിനാല്‍ സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസിലൂടെയോ എക്സ് റേ ഫിലിമുകള്‍ ഉപയോഗിച്ചോ വീക്ഷിക്കാന്‍ പാടില്ല. ഈ സമയത്ത് യാതൊരു കാരണവശാലും ബൈനോകുലര്‍, ടെലിസ്കോപ്, ക്യാമറ എന്നിവയിലൂടെ നേരിട്ട് സൂര്യനെ നോക്കാന്‍ പാടില്ല. ഇവയുടെ ശക്തിയേറിയ ലെന്‍സുകള്‍ കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലേക്ക് കടത്തിവിടുകയും കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കുകയും ചെയ്യും.
സാധാരണ ഗതിയില്‍ സൂര്യന് തലയ്ക്ക് മുകളില്‍ എത്തുന്ന ഉച്ചസമയത്താണ് അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലായി ഭൂമിയിലേക്ക് എത്തുന്നത്. എന്നാല്‍ ആ സമയത്ത് തീഷ്ണമായ പ്രകാശവും ചൂടും ഉള്ളതിനാല്‍ സൂര്യനെ നേരിട്ടുനോക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇനി അഥവാ ഒന്നു നോക്കിയാല്‍ തന്നെ കണ്ണിലെ കൃഷ്ണമണി ചുരുങ്ങി അള്‍ട്രാവയലറ്റ് രശ്മികള്‍ അധികം കണ്ണിനുള്ളിലേക്ക് കടക്കുന്നത് തടയുന്നു.
എന്നാല്‍ ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിഴല്‍ മൂലം സൂര്യന് മറയുന്നതിനാല്‍ സൂര്യനെ നേരിട്ടുനോക്കാന്‍ വിഷമം ഉണ്ടാകില്ല. പ്രകാശവും തീഷ്ണതയും കുറവായതിനാല്‍ കൃഷ്ണമണി അധികം ചുരുങ്ങാത്ത അവസ്ഥയിലാകും.
അതേസമയം സൂര്യനില്‍ നിന്ന് വരുന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ക്ക് കുറവുണ്ടാകാത്തതിനാല്‍ കണ്ണിനകത്തേക്ക് തടസ്സം കൂടാതെ പതിക്കാന്‍ ഇത് കാരണമാകും. നമുക്ക് കാഴ്ചയെന്ന അനുഭവമുണ്ടാകുന്നത്. കണ്ണിലെ റെറ്റിനയിലുള്ള റോഡ്, കോണ്‍ കോശങ്ങളുടെ പ്രകാശത്തോടുള്ള പ്രതികരണം വഴിയാണ്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ റെറ്റിനയില്‍ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ കോശങ്ങള്‍ നശിച്ചുപോകാന്‍ ഇടയാകുകയും കാഴ്ചയെ ബാധിക്കാന്‍ കാരണമാകുകയും ചെയ്യും.
ഗുണനിലവാരമുള്ള കൃത്യമായ സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് മാത്രമേ ഈ സമയത്ത് സൂര്യനെ വീക്ഷിക്കാന്‍ പാടുള്ളു. അങ്ങനെ പോലും അധികനേരം വീക്ഷിക്കാന്‍ പാടില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. അഞ്ചുമുതല്‍ 10 സെക്കന്‍ഡ് വരെ മാത്രമെ ഇത്തരത്തില്‍ സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ പാടുള്ളു. സോളാര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുമ്പോള്‍ പോലും വിദഗ്ദരുടെ ഉപദേശം തേടണം. നേരിട്ടല്ലാതെ ഭിത്തിയിലേക്കോ മറ്റ് പ്രതലത്തിലേക്കോ പതിപ്പിച്ച് ഗ്രഹണം വീക്ഷിക്കുന്നതാണ് ഉചിതം. ഓര്‍ക്കുക കാഴ്ചയെന്നത് അമൂല്യമായ അനുഭവമാണ്. അത് അശ്രദ്ധമായ രീതിയില്‍ ഉപയോഗിച്ച് നഷ്ടപ്പെടുത്തരുത്.
Content Highlights: Solar Eclipse. Don't look sun without protection