ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. അതേസമയം, കേസ് ഒക്ടോബര്‍ ഒന്നില്‍നിന്ന് മാറ്റരുതെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സി.ബി.ഐ നല്‍കിയ ഹര്‍ജി ഉള്‍പ്പെടെയാണ് ഒക്ടോബര്‍ ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക. സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരായേക്കുമെന്നാണ് വിവരം.
ലാവലിന്‍ കേസിന്റെ അന്തിമവാദം വേനലവധിക്ക് ശേഷം ജൂലായില്‍ ആരംഭിക്കാനായിരുന്നു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യം പരിഗണിച്ചാണ് ഇതില്‍ മാറ്റംവരുത്തിയത്. പിന്നീട് ഓഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയിതിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു.
അതിനിടെ, ഇക്കാര്യം ഒരു അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കേണ്ടവയുടെ പട്ടികയില്‍ നിന്ന് നീക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Content Highlights: SNC Lavalin case final hearing will be conducted in October 1