ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തില്‍ ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല - യെച്ചൂരി പറഞ്ഞു.
എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ബിനോയ്‌ക്കെതിരായ പരാതിയില്‍ ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാര്‍ അറിയച്ചത്. ആരോപണങ്ങള്‍ക്ക് സംസ്ഥാന ഘടകം മറുപടി നല്‍കിയിട്ടുണ്ട്, ആവശ്യമെങ്കില്‍ തുടര്‍നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങള്‍ പാര്‍ട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാല്‍ മക്കളുടെ സ്വത്തു വിവരങ്ങള്‍ അറിയിക്കുന്ന പതിവില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
Share this Article
Related Topics