ഷുഹൈബിനെ കൊന്നത് പാര്‍ട്ടിയുടെ അറിവോടെയല്ല- കോടിയേരി


ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്

തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണന്‍. തൃശ്ശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ പങ്കിനെ വീണ്ടും തള്ളിപ്പറഞ്ഞ് കോടിയേരി രംഗത്തെത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലുമാക്കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സമ്മേളന വേദിയില്‍ കൊലപാതകത്തെ തള്ളിക്കൊണ്ട് സംസ്ഥാന സെക്രട്ടറിയെത്തിയത്.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ട് അവര്‍ പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞുകൊണ്ട് ജില്ലാ സെക്രട്ടറി പി.ജയരാനും എത്തിയിരുന്നു. പാര്‍ട്ടി അന്വേഷിക്കുമെന്ന് ജയരാജന്‍ പറഞ്ഞപ്പോള്‍ പോലീസിന്റെ പണി പാര്‍ട്ടിയെടുക്കേണ്ട എന്നായിരുന്നു കോടിയേരിയുടെ മറുപടി. സംഭവം വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പായതോടെയാണ് സംസ്ഥാന സമ്മേളന വേദിയില്‍ തന്നെ കൊലപാതകത്തെ തള്ളിപ്പറഞ്ഞ് സംസ്ഥാന സെക്രട്ടറിയെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram