ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് വീണ്ടും കനത്ത പ്രഹരമേറ്റതോടെ മറ്റ് പോംവഴികളില്ലാതെ ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരികെ നിയമിച്ച് ഇന്നോ നാളെയോ ഉത്തരവിറങ്ങിയേക്കും. മിക്കവാറും ഇന്ന് ഉച്ചയോടെ നിയമന ഉത്തരവ് പുറത്തിറങ്ങാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇതിനുള്ള തിരക്കിട്ട കൂടിയാലോചനകള്‍ തലസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.
സെന്‍കുമാര്‍ കേസില്‍ വ്യക്തത ചോദിച്ച ഹര്‍ജി കോടതിചിലവായ 25,000 രൂപ പിഴ സഹിതം തള്ളിയോടെ പ്രഹരം ഇരട്ടിയായി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി 12 ദിവസമായിട്ടും നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നത് ഉന്നയിച്ച് ടി.പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിക്കുകയും ചെയ്തു. ഇത് സര്‍ക്കാരിനൊരു മുന്നറിയിപ്പാണ്. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് നിയമനം നടന്നില്ലെങ്കില്‍ അത് സര്‍ക്കാരിനെതിരായ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്കും ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നതിലേക്കോ ഒക്കെ നീങ്ങിയേക്കാം.
സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടായെന്ന വാര്‍ത്ത വരുമ്പോള്‍ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലും സെന്‍കുമാറിനെ നിയമിക്കേണ്ടി വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.
സെന്‍കുമാറിനെ അടിയന്തരമായി നിയമനം നല്‍കാനുള്ള നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ സര്‍ക്കാരിന് നല്‍കിയേക്കും. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് ഇത് വളര്‍ന്നുകഴിഞ്ഞെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
റിവ്യു ഹര്‍ജി ഫലിക്കില്ലെന്നും വിധിയില്‍ വ്യക്തത ചോദിച്ച് വീണ്ടും കോടതിയിലെത്തുന്നത് കനത്ത തിരിച്ചടിക്ക് ഇടയാക്കിയേക്കാമെന്ന നിയമോപദേശവും സര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് രണ്ട് വാക്ക് ഉയര്‍ത്തിപ്പിടിച്ച് വീണ്ടും കോടതിയിലെത്തിയത്.