ന്യൂഡല്‍ഹി: ശബരിമല കേസില്‍ അമിത ഫീസ് ഈടാക്കിയെന്ന തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ആരോപണം നിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി. കേസില്‍ ആദ്യ ഘട്ടം മുതല്‍ തന്നെ ഇളവ് നല്‍കിയിരുന്നതായും ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കേസില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ട തുക താങ്ങാന്‍ കഴിയില്ലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മനു അഭിഷേക് സിങ്വി.
ശബരിമല കേസില്‍ മൂന്ന് തവണ ഹാജരായി. സാധാരണ കേസുകളില്‍ 20 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് ഒരു സിറ്റിങിന് ഫീസ് ഈടാക്കാറുള്ളത്. എന്നാല്‍ ശബരിമല കേസില്‍ തുടക്കം മുതല്‍ തന്നെ ഫീസില്‍ ഇളവ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആറ് തവണ അര്‍ധരാത്രിയടക്കം കോണ്‍ഫറന്‍സ് നടത്തി. ഇതിനെല്ലാമായി 95 ലക്ഷം രൂപ ഈടാക്കേണ്ടിടത്ത് 62 ലക്ഷം രൂപയുടെ ബില്ലാണ് കൊടുത്തത്. എന്നിട്ടും ദേവസ്വംബോര്‍ഡ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു- മനു അഭിഷേക് സിങ്വി പറഞ്ഞു.
ദേവസ്വംബോര്‍ഡിന്റെ കൗണ്‍സില്‍ ഗീതാമാധവന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായത്. എന്നാല്‍ മൂന്ന് തവണ കത്ത് അയച്ചിട്ടും ഫീസ് നല്‍കാന്‍ ദേവസ്വംബോര്‍ഡ് തയാറായിട്ടില്ല. ഫീസില്‍ കൂടുതല്‍ ഇളവിനായി ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Sabarimala case, Manu Abhishek Singhvi sends 62 lakhs bill to devaswom board.
Share this Article
Related Topics