തിരുവനന്തപുരം: അഴിമതി കേസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജിലന്‍സ് ഡയറക്ടറുടെ സര്‍ക്കുലര്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ഡിവൈഎസ്പി മുതലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ അഴിമതി കേസുകളിലാണ് നിയന്ത്രണം വന്നിരിക്കുന്നത്.
അതോടൊപ്പം തന്നെ വലിയ തുകയുടെ അഴിമതി സംബന്ധിച്ച പരാതി ലഭിച്ചാല്‍ വിജിലന്‍സ് ഡയറക്ടറെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഡയറക്ടറുടെ അനുമതിയോടെ മാത്രമേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്നും ഉത്തരവില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും അയച്ചിട്ടുണ്ട്. ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറായി ചുമതല ഏറ്റതിന് പിന്നാലെ തന്നെ ഇത്തരത്തിലൊരു നിര്‍ദ്ദേശം വാക്കാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.
ഏതെങ്കിലും തരത്തിലുള്ള പരാതി വിജിലന്‍സ് യൂണിറ്റികളില്‍ ലഭിക്കുകയാണെങ്കില്‍ അതിന്റെ കോപ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറണമെന്നൈാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഈ പരാതി പരിശോധിച്ചതിന് ശേഷം അതില്‍ കഴമ്പുണ്ടെന്ന കണ്ടാല്‍ ഡയറക്ടര്‍ ബന്ധപ്പെട്ട യൂണിറ്റുകള്‍ക്ക് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പുറത്തുവരുന്ന വിവരങ്ങള്‍ പറയുന്നു.
ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിന് വേണ്ടിയാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിലവിലുള്ള ലളിതകുമാരി കേസുള്‍പ്പടെയുള്ള അഴിമതി കേസുകളില്‍ സുപ്രീം കോടതി വിധികളുടെ ലംഘനമാണ് ഈ ഉത്തരവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ അതില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാല്‍ അതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അതാതുയൂണിറ്റുകള്‍ പ്രാഥമികാന്വേഷണം നടത്തണമെന്നുമാണ് സുപ്രീംകോടതി ഉത്തരവ് പറയുന്നത്. മുന്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പട്ട് പുറത്തിറക്കിയ സര്‍ക്കുലറുകളെ മറികടക്കുന്ന ഉത്തരവാണ് ലോക്നാഥ് ബെഹ്റ പുറത്തിറക്കിയത്.