കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം. മുഖ്യമന്ത്രി ഗുരുവായൂരില്‍ പോയതിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി.
പിണറായിയുടെ ക്ഷേത്ര സന്ദര്‍ശനത്തെ അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലൂടെ സരസമായി ചിത്രീകരിക്കുകയാണ് സന്ദീപാനന്ദ ഗിരി. പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തന്നെ കാണാനെത്തിയ സഖാവിന് നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാന്‍ നല്‍കി എന്നും സന്ദീപാനന്ദ ഗിരി കുറിയ്ക്കുന്നു..
ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തിയെന്ന വാക്യത്തോടെയാണ് സന്ദീപാനന്ദ ഗിരി കുറിപ്പ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്....
അച്ഛാ ഗുരുവായൂരപ്പന്റെ പുതിയ ലീല വല്ലതും പറയൂ..
ന്റെ ഉണ്ണീ,
ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്യ.
ന്നാ ശരിയായ ഭക്തനെ കാണാന്‍ ഭഗവാന്‍ കണ്ണും നട്ട് ശ്രീകോവിലില്‍ നിന്ന് പുറത്തേക്ക് ഇമവെട്ടാതെ നോക്കികൊണ്ടിരിക്കും. അത്ഭുതം എന്ന് പറഞ്ഞാ മതീലോ ഏതാനും ദിവസം മുമ്പ് ഭഗവാന്‍ കാണണം എന്നാഗ്രഹിച്ച ആള് അതാ കൊടിമരത്തിന്റെ പരിസരത്ത് നിന്ന് അകത്തേക്ക് ഒരുനോട്ടം, ഉണ്ണീ ഒരു നോട്ടം ല്ലട്ടോ ഒരൊന്നൊന്നര നോട്ടം. ഭഗവാനെ ആദ്യായിട്ട് കണ്ട രുക്മിണിയും ഇതുപോലെയായിരുന്നു നോക്കിയത്.
സന്തോഷവാനായ ഭഗവാന്‍ ശ്രീകോവിലില്‍നിന്ന് തന്റെ പ്രിയ സഖാവിനോടു ചോദിച്ചു എന്താ വേണ്ടത് ?
ഒട്ടും മടിക്കാതെ മനസ്സില്‍ സങ്കല്പിച്ചോളൂ....
സഖാവ് മനസ്സില്‍ പറഞ്ഞു; കൃഷ്ണാ ഒരു പൂപോലും ഞാന്‍ കരുതിയില്ലല്ലോ അവിടുത്തേക്ക് അര്‍പ്പിക്കാന്‍.
അവിടുത്തെ നിശ്ചയം നടക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് അയച്ച ഗജവീരന്മാരെ കണ്ടു സന്തോഷത്തോടെ ഒന്നും ആവശ്യപ്പെടാതെ മടങ്ങി.
പണ്ട് സഖാവായ കുചേലന്റെ കാര്യത്തിലെന്നപോലെ തിരിച്ച് വീട്ടിലെത്തിയ നമ്മുടെ സഖാവിന് ഗുരുവായൂരപ്പന്‍ നല്കിയത് എന്താ ന്ന് ഉണ്ണിക്ക് അറിയോ?
ല്യച്ഛാ പറയൂ..
നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തു.
ഭഗവാന്റെ കാരുണ്യം അപാരമാണ്.
എല്ലാം അറിഞ്ഞ് ചെയ്യും..
ന്റെഉണ്ണീ വല്ലതും മനസ്സിലായോ?
മ്ം..മനസ്സിലായച്ഛാ ജനങ്ങളോടുള്ള ഭക്തിയാണ് ഭഗവാനോടുള്ള ശരിയായ ഭക്തി..
Sandeepananda Giri, Facebook post, Pinarayi Vijayan