പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉത്തരവില്‍ നിയമപരമായ സ്റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്‌റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ.ബാലന്‍. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ നേരത്തെയുള്ള യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ബാലന്‍.
അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇതിനിടെ കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ പോലീസ് പമ്പയില്‍ വെച്ച് തിരിച്ചയക്കുകയും ചെയ്തു. യുവതികളുടെ പ്രായമടക്കം പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.
വാളയാര്‍ കേസിലും മന്ത്രി എ.കെ.ബാലന്‍ പ്രതികരിക്കുകയുണ്ടായി. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ തുടര്‍ നടപടികളുണ്ടാകും. ഇതുപോലൊരു വൃത്തികെട്ട അന്വേഷണവും പ്രോസിക്യൂഷനും ഇനിയൊരു കേസിലും ഉണ്ടാകാത്ത രീതിയിലുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
Content Highlights: Sabarimala-There is no legal stay-Practicaly is stay-ak balan