ന്യൂഡല്‍ഹി: യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പുനഃപരിശോധന ഹർജികളിൽ എഴുതി നൽകിയിരിക്കുന്ന വാദത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സർക്കാർ വാദം എഴുതി നൽകിയത്.
യുവതികൾ എത്തുന്നത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും 10 വയസ് മാത്രമുള്ള പെൺകുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സർക്കാർ പറയുന്നു.
2007 വരെ 35 വയസ് കഴിഞ്ഞ യുവതികൾക്കും തിരുവിതാം കൂർ ദേവസ്വം ബോർഡ് അംഗം ആകാം ആയിരുന്നു നിയമം. 2007 ലാണ് ഇത് 60 വയസ്സായി ഉയർത്തിയതെന്നും സർക്കാരിന്റെ വാദത്തിലുണ്ട്. 35 വയസുള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാമെന്ന് സർക്കാർ പറയുന്നു.
യുവതീപ്രവേശന വിലക്ക് ശബരിമല ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ല, നൂറു കണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമെന്നും സർക്കാർ വാദത്തിൽ കൂട്ടിച്ചേർക്കുന്നു. ഒരു മതത്തിന്റേയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരമാണോ യുവതീപ്രവേശന വിലക്ക് എന്നാണ് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ടത് എന്നും വാദത്തിലുണ്ട്.
ശബരിമലയിലെ യുവതീപ്രവേശന വിലക്ക് ആചാരപരമായ സമ്പ്രദായമാണെന്ന അഭിഭാഷകൻ വെങ്കിട്ടരാമന്റെ വാദം തെറ്റെന്നും വാദത്തിലുണ്ട്. ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല എന്ന് സംസ്ഥാന സർക്കാർ വാദത്തിൽ പറയുന്നു. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണെന്നും വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേൾക്കാൻ കഴിയില്ലെന്നും സർക്കാർ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Sabarimala-Govt firm on young woman entry