തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു. സുപ്രീംകോടതിയുടെ നിലവിലെ വിധി അംഗീകരിക്കുന്നുവെന്നാണ് കോടതിയില്‍ പറഞ്ഞതെന്നും ഇതുസംബന്ധിച്ച് ബോര്‍ഡ് പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയാത്ത ഒരുകാര്യവും സുപ്രീംകോടതിയെ അറിയിച്ചിട്ടില്ല. കോടതിവിധി ബോര്‍ഡ് നേരത്തെ അംഗീകരിച്ചതാണെന്നും എന്‍. വാസു വിശദമാക്കി.
മണ്ഡല കാലത്തിന് മുന്‍പാണ് സാവകാശ ഹര്‍ജി നല്‍കിയത്. അതിനാല്‍ ഇനി വിധി നടപ്പാക്കാന്‍ സാവകാശം വേണമോയെന്ന് ബോര്‍ഡ് തീരുമാനിക്കണമെന്നും സുപ്രീംകോടതിയിലെ നടപടിക്രമങ്ങളില്‍ ബോര്‍ഡ് പ്രസിഡന്റിന് ആശയക്കുഴപ്പം ഉണ്ടാകിനിടയായ സാഹചര്യം എന്താണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ മാത്രമാണ് കഴിഞ്ഞദിവസം സുപ്രീംകോടതി പരിഗണിച്ചതെന്നും ബോര്‍ഡിന്റെ സാവകാശ ഹര്‍ജി പരിഗണിച്ചിട്ടില്ലെന്നും എന്‍. വാസു വിശദീകരിച്ചു.
കഴിഞ്ഞദിവസം ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു എന്നായിരുന്നു ദേവസ്വംബോര്‍ഡ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ഈ നിലപാട് മാറ്റം വിവാദമായതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് വിശദീകരണം തേടുകയും ചെയ്തിരുന്നു.
Content Highlights: sabarimala women entry review petition hearing controversy, devaswom commissioner n vasu response