കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും എതിരെയുള്ള നാമജപ പ്രതിഷേധം മണിക്കൂറുകള്‍ നീണ്ടുനിന്നു. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്ന് പോലീസ് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
തൃപ്തി ദേശായിയും മറ്റു സ്ത്രീകളും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലുണ്ടെന്ന വിവരമറിഞ്ഞ് നിരവധി കര്‍മസമിതി പ്രവര്‍ത്തകരാണ് ഇവിടേക്കെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ കമ്മീഷണര്‍ ഓഫീസ് പരിസരം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തു.
അതേസമയം, തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ നല്‍കില്ലെന്നും വിമാനത്താവളത്തിലെത്തിക്കാന്‍ സുരക്ഷ നല്‍കാമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. കൊച്ചിയില്‍നിന്ന് പൂണെയിലേക്ക് ഇനി വൈകിട്ടാണ് വിമാനമുള്ളത്. അതുവരെ തൃപ്തി ദേശായി പോലീസ് സംരക്ഷണത്തില്‍ തുടരുമെന്നാണ് സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശബരിമല ദര്‍ശനത്തിനെത്തിയ ഇവര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ചേരുകയായിരുന്നു. തുടര്‍ന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചെങ്കിലും പിന്നീട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി. ഇവിടെവെച്ച് ബിന്ദു അമ്മിണിക്ക് നേരേ മുളകുസ്‌പ്രേ ആക്രമണവും കൈയേറ്റവുമുണ്ടായി.
Content Highlights: sabarimala women entry protest; namajapa protest continues against trupti desai and bindu ammini