തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് മുമ്പുള്ള തല്‍സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിച്ചത് പ്രാഥമിക വിജയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.
സ്വകാര്യബില്ലിന് അവതരണാനുമതി ലഭിച്ചത് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണമായി. സ്വകാര്യബില്ലിന് നിലവില്‍ അവതരണാനുമതി മാത്രമാണ് ലഭിച്ചത്. പ്രാഥമികഘട്ടത്തില്‍തന്നെ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. സ്വകാര്യബില്ലുകള്‍ പലപ്പോഴും നിയമങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. നേരത്തെ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ നിയമങ്ങള്‍ക്ക് വഴിതുറന്നിരുന്നു- പ്രേമചന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശബരിമല വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ എന്തിനാണ് ഇത്രയും തിരക്കിട്ട് ബില്‍ അവതരിപ്പിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ബി.ജെ.പി. വക്താക്കളുടെ ചോദ്യം. അതിനാല്‍ ബി.ജെ.പിക്ക് വിശ്വാസിസമൂഹത്തോട് എന്ത് പ്രതിബദ്ധതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷ്യല്‍ പ്രൊവിഷന്‍ ) ബില്‍ 2019 എന്ന പേരില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന ബില്‍ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും. സ്ത്രീ പ്രവേശനത്തിലൂടെ ശബരിമല ക്ഷേത്രത്തിലുണ്ടായിരിക്കുന്ന ആചാരാനാനുഷ്ഠാനങ്ങളുടെ ലംഘനം തടഞ്ഞ് തത്സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യണമെന്നതാണു ബില്ലിന്റെ ഉള്ളടക്കം.
ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ മൂലം ഭക്തരുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടായിട്ടുണ്ട്. ഇതു കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളില്‍ പറയുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഈ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു ഭക്തര്‍ ആവശ്യപ്പെടുന്നു. ഭക്തരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണു ബില്‍ അവതരിപ്പിക്കുന്നതെന്നു ബില്ലിന്റെ ആമുഖത്തില്‍ പറയുന്നു.
Content Highlights: Sabarimala Women Entry; NK Premachandran MP About His Private Bill