ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് പുലര്‍ച്ചെ 3.30ഓടെ ദര്‍ശനം നടത്തിയത്. സ്ത്രീകള്‍ ദര്‍ശനം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതികള്‍ക്ക് സംരക്ഷണം നല്‍കിയതായി പോലീസ് വ്യക്തമാക്കി.
നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.
പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.
Content Highlights: Sabarimala Women Entry, Kanakadurga, Bindu, Sannidhanam