തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റത്തെതുടര്‍ന്ന് പ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരെ നിയമിക്കാന്‍ നീക്കം. അതേ സമയം സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് ദേവസ്വം കമ്മിഷണറോട് പ്രസിഡന്റ് റിപ്പോര്‍ട്ട് തേടി.
സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിന് തലേ ദിവസം ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ എന്‍.വാസു അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുമായി കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍ കൂടിയാലോചനകളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.
പ്രസിഡന്റ് എ പദ്മകുമാറിനെ രാജിവയ്പ്പിച്ച് റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനും കാലാവധി അസാനിച്ച ദേവസ്വം ബോര്‍ഡ് കമ്മിഷണറെ റിക്രൂട്ട്മെന്റ് ചെയര്‍മാനുമാക്കാനുമാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
അതേ സമയം ദേവസ്വം കമ്മിഷണറുടെ നിലപാടുകളില്‍ എ പദ്മകുമാര്‍ അതൃപ്തി രേഖപ്പെടുത്തി.ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സമര്‍പ്പിച്ച സാവകാശഹര്‍ജിയിലെ വാദമുഖങ്ങള്‍ക്കെതിരേ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പദ്മകുമാര്‍ അതൃപതി രേഖപ്പെടുത്തിയത്. ദേവസ്വംബോര്‍ഡ് സമര്‍പ്പിച്ച സാവകാശ ഹര്‍ജിയില്‍ സര്‍ക്കാരിനെ അനുകൂലിച്ചായിരുന്നു ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്.
പലതീരുമാനങ്ങളും പ്രസിഡന്റ് അറിയാതെയാണ് എടുക്കുന്നതെന്നാണ് പദ്മകുമാര്‍ വ്യക്തമാക്കുന്നത്. അതേ സമയം സുപ്രീംകോടതിയിലെ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റത്തിലെ പ്രതിഷേധം ഭയന്ന് ഏറ്റുമാനൂരിലെ കൊടിയേറ്റില്‍ നിന്ന്് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു.
Content Highlights: Sabarimala Women Entry Devaswom Board